ജനകീയ സദസ്സുകളിൽ 443 റൂട്ടുകൾക്കുള്ള അപേക്ഷകൾ; പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കും


കണ്ണൂർ:
ഉൾനാടുകളിലെ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ ബസ് റൂട്ടുകൾക്ക് നിർദേശം ക്ഷണിച്ചുള്ള ജനകീയ സദസ്സുകൾ ജില്ലയിൽ പൂർത്തിയായതായും റൂട്ടുകൾ അനുവദിച്ച് സർക്കാർ ഉത്തരവ് ലഭ്യമായാൽ സർവീസ് നടത്താൻ സ്വകാര്യ ബസുടമയോ കെഎസ്ആർടിസിയോ തയ്യാറായാൽ പെർമിറ്റുകൾ അനുവദിക്കുമെന്നും ജില്ലാ വികസന സമിതി യോഗത്തിൽ ആർ ടി ഒ അറിയിച്ചു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ജനകീയ സദസ്സുകൾ പൂർത്തിയായി. 443 റൂട്ടുകൾക്കുള്ള അപേക്ഷകൾ ലഭ്യമായി. 

റൂട്ടുകളുടെ ആവശ്യകത സംബന്ധിച്ച് അന്വേഷണം നടത്തി ക്രോഡീകരിച്ച റിപ്പോർട്ട് ഒക്‌ടോബർ 31 മുമ്പ് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ നവംബർ 15ന് മുമ്പ് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിക്കുമെന്നും ആർടിഒ അറിയിച്ചു.
കണ്ണൂർ മണ്ഡലത്തിലെ നിർമ്മാണം പൂർത്തീകരിച്ച ബണ്ട് പാലത്തിന് ഏറ്റെടുത്ത സ്ഥലത്തിനുള്ള നഷ്ടപരിഹാരതുക നൽകാനുള്ള നടപടിക്രമങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു. 

അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നുള്ള ഉറപ്പോടെ മുൻകൂട്ടി സമ്മതപത്രം വാങ്ങിയാണ് പ്രവൃത്തി തുടങ്ങിയത്. പാലത്തിന്റെ നഷ്ടപരിഹാര തുക നൽകാത്തതിനാൽ അപ്രോച്ച് റോഡ് നിർമ്മാണം നിലച്ചിരിക്കുകയാണെന്നും തുടർ നപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നടാലിൽ പുതിയ ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് തോട്ടട നടാൽ തലശ്ശേരി റോഡ് പൂർണ്ണമായും അടയ്ക്കുന്നത് ഒഴിവാക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗ തീരുമാന പ്രകാരമുളള റിപ്പോർട്ട് ഉടൻ സമർപ്പിക്കണം.

 ഭരണാനുമതി നൽകിയ നടാൽ പാലത്തിന്റെ നിർമ്മാണത്തിനായി ടെണ്ടർ നടപടികൾക്ക് വനംവകുപ്പിന്റെ അനുവാദം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിർദ്ദേശങ്ങൾ പരിശോദിച്ച് ഉടൻ തുടർ നടപടികൾ സ്വീകരിക്കാൻ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

കെ.പി മോഹനൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള പ്രവൃത്തികൾ സർക്കാരിന്റെ അക്രഡിറ്റഡ് ഏജൻസികൾ മുഖേന നിർവഹിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ അറിയിച്ചു.

പയ്യാമ്പലം ബീച്ചിലെ തെരുവുവിളക്ക് പ്രശ്നം പരിഹരിച്ചതായി മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു. ബീച്ചിലെ ഹൈമാസ്റ്റ് ലൈറ്റുകൾ മാറ്റി സ്ഥാപിച്ചതായി ഡിടിപിസിയും അറിയിച്ചു.

കണ്ണൂർ നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലമുണ്ടാകുന്ന പ്രശ്നം പരിഹരിക്കാൻ രണ്ട് സ്‌ക്വാഡുകൾ 27 കന്നുകാലികളെ പിടികൂടി. 1,17,500 രൂപ പിഴ ഈടാക്കി 15 കന്നുകാലികളെ ഉടമസ്ഥർക്ക് വിട്ടുനൽകി. 12 കന്നുകാലികളെ ലേലം ചെയ്ത് 1,65,720 രൂപ നഗരസഭ അക്കൗണ്ടിൽ പൈസ അടച്ചതായും കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു. അലഞ്ഞുതിരിയുന്ന ശേഷിച്ചവയുടെ കണക്കെടുക്കാൻ കലക്ടർ നിർദേശിച്ചു.

കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കുന്നതിന് പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം ലഭ്യമായിട്ടുണ്ട്. ഇത് ഒരാഴ്ചക്കകം കിഫ്ബിയിൽ സമർപ്പിക്കുമെന്നും കൺസ്ട്രക്ഷൻ കോർപ്പറേഷൻ റീജണൽ മാനേജർ വ്യക്തതമാക്കി. കൂത്തുപറമ്പ് നഗരസഭ ടൗൺഹാളിന്റെ മൂന്നാംഘട്ട നിർമ്മാണ പ്രവൃത്തി നടന്നുവരുന്നതായി കൂത്തുപറമ്പ് നഗരസഭാ സെക്രട്ടറി അറിയിച്ചു.

അപകടാവസ്ഥയിലുള്ള മാഹി പാലത്തിന് പകരമായി പുതിയപാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സംസ്ഥാനങ്ങളുടെയും അതോറിറ്റികളും എംഎൽഎമാർ, എംപിമാർ ഉൾപ്പെടുന്ന ജനപ്രതിനിധികളും ചേർന്ന് യോഗം നടത്തും.

പാനൂർ കടുവത്തൂർ ടൗണിലെ സംഭവിച്ച തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിന് ലഭ്യമായ അപേക്ഷകൾ സി എം ഡി ആർ എഫ് പോർട്ടൽ മുഖേന സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് ഡി.എം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

പഴയങ്ങാടി അണ്ടർപാസ് നിർമ്മാണത്തിന് റെയിൽവേ ഭാഗം ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് റെയിൽവേയ്ക്ക് നൽകേണ്ട സെന്റേജ് ചാർജ്  8,30,717 രൂപ അടച്ചുകഴിഞ്ഞതായിപിഡബ്ല്യുഡി റോഡ്സ് വിഭാഗം എക്സി. എഞ്ചിനീയർ അറിയിച്ചു.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളിലെ സ്റ്റാഫുകളുടെ വിവരങ്ങൾ സമർപ്പിക്കാൻ പ്രിൻസിപ്പലിന് നിർദ്ദേശം നൽകി. കാർഡിയോളജിയിൽ പ്രൊഫസർ ജോലിയിൽ ചേർന്നതായി പ്രിൻസിപ്പൽ അറിയിച്ചു.

മയ്യഴി പുഴയിൽ ബോട്ട് സർവീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ടെണ്ടർ നടപടികൾ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ടെണ്ടർ നടപടികൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾക്ക് എക്സിക്യൂട്ടീവ് മീറ്റിംഗ് ചേരാനും തീരുമാനിച്ചു.

ഇരിട്ടി കേളകം പ്രദേശങ്ങളിൽ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് അയ്യൻകുന്നിൽ ഹാങ്ങിങ് ഫെൻസിൽ പ്രവൃത്തിക്ക് കേരളാ ഇലക്ട്രിക്കൽസ് ലിമിറ്റഡിനെ ഏൽപ്പിച്ചതായും, സോളാർ ഹാങ്ങിങ് ഫെൻസിങിന് കരാർ വെച്ചതായും ഡി.എഫ്.ഒ അറിയിച്ചു. ശ്രീകണ്ഠാപുരം നഗരസഭയിൽ പ്രവർത്തിക്കുന്ന ക്വാറിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പരാമർശിച്ച പോരായ്മകൾ പരിഹരിക്കാൻ ക്വാറി ഉടമ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ അറിയിച്ചു.

ജില്ലാ കളക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായ യോഗം അന്തരിച്ച മുൻ എഡിഎം കെ നവീൻ ബാബുവിനെ അനുസ്മരിച്ച ശേഷമാണ് ആരംഭിച്ചത്.. കെ.പി മോഹനൻ എം എൽ എ, സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി, അസിസ്റ്റന്റ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, കെ സുധാകരൻ എംപിയുടെ പ്രതിനിധി ടി ജയകൃഷ്ണൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രതിനിധി അജിത്ത് മാട്ടൂൽ, ഷാഫി പറമ്പിൽ എംപിയുടെ പ്രതിനിധി എംപി അരവിന്ദാക്ഷൻ, വിവിധ വകുപ്പുകളുടെ ജില്ലാ തല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.




0/Post a Comment/Comments