കണ്ണൂർ എയർപോർട്ടിന് പോയിന്റ് ഓഫ് കോൾ പദവി നിഷേധിക്കുന്ന കേന്ദ്രസർക്കാർ നടപടി വിവേചനപരവും പ്രതിഷേധാർഹവും: എം.വി. ജയരാജൻ



കണ്ണൂർ : മെട്രോ നഗരങ്ങൾക്ക് മാത്രമേ വിദേശ വിമാനക്കമ്പനികളുടെ സർവ്വീസ് അനുവദിക്കാൻ കഴിയുകയുള്ളൂ എന്നതാണ് കേന്ദ്രസർക്കാർ കണ്ണൂരിന് പോയിന്റ് ഓഫ് കോൾ പദവി നിഷേധിക്കുന്നതിന് കാരണമായി പറഞ്ഞുവരുന്നത്. അതിന്റെ ഭാഗമാണ് 2024 മാർച്ച് 20ന് ഡൽഹിയിലെ സംസ്ഥാന സർക്കാറിന്റെ പ്രത്യേക പ്രതിനിധിയായ പ്രൊഫ. കെ.വി. തോമസ് കേന്ദ്ര സർക്കാരിന് നൽകിയ കത്തിനുള്ള മറുപടിയിൽ ആറ് മാസത്തിന് ശേഷം ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് പോയിന്റ് ഓഫ് കോൾ പദവി നിഷേധിച്ചത്. സംസ്ഥാന സർക്കാരും കേരളത്തിന്റെ എം.പി.മാരും തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാരിന്റെ നിഷേധനിലപാട് മൂലം കണ്ണൂർ വിമാനത്താവളത്തിന്റെ വികസനം മുരടിക്കുകയാണ്.

കോവിഡ് കാലത്തും ഹജ്ജ് തീർത്ഥാടക യാത്രാസമയത്തും വിദേശ വിമാനക്കമ്പനികൾ അടക്കമുള്ളവരുടെ ബിഗ് ബോഡി വിമാനങ്ങൾ കണ്ണൂരിൽ ഇറങ്ങുകയും പറക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട 10 വിമാനത്താവളങ്ങളിൽ ഒന്നാണ് കണ്ണൂർ. മെട്രോ നഗരമല്ലാത്ത ഗോവയിലെ മോപ്പയിലും ബംഗാളിലെ ബാഗ് ദോഗ്രയിലും അന്തമാനിലെ പോർട്ട് ബ്ലെയറിലും സമീപകാലത്താണ് പോയിന്റ്ഓഫ് കോൾ പദവി അനുവദിച്ചത്. 35 കിലോമീറ്റർ ചുറ്റളവിലാണ് ഗോവയിലെ രണ്ട് വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കോൾ പദവി നൽകിയത്. കണ്ണൂരിൽ മാത്രം നിഷേധിക്കുന്നത് വിവേചനപരമാണ്. കണ്ണൂരിൽ വിദേശ വിമാനക്കമ്പനികൾക്ക് സർവ്വീസ് നടത്താൻ അനുവദിച്ചാൽ യാത്രക്കാർ വർദ്ധിക്കും. നിരക്ക് കുറക്കാനും കഴിയും. അതോടൊപ്പം ഇന്ത്യയിലെ വിമാന കമ്പനികൾക്ക് കൂടുതൽ സർവ്വീസുകൾ നടത്താൻ അനുവാദം നൽകുകയും ചെയ്യാം. കണ്ണൂർ കാസർകോട് വയനാട് ജില്ലകളിലെയും കുടക് മേഖലയിലെയും കോഴിക്കോട് ജില്ലയിലെ വടക്ക് കിഴക്കൻ പ്രദേശങ്ങളിലെയും പ്രവാസികൾ അടക്കമുള്ള യാത്രക്കാർക്ക് വളരെയേറെ പ്രയോജനകരമാണ് കണ്ണൂർ വിമാനത്താവളം. ഹജ്ജ് തീർത്ഥാടകർക്കുള്ള എംബാർക്കേഷൻ പോയിന്റ് ആയി കണ്ണൂർ വിമാനത്താവളത്തെ സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ആകെയുള്ള തീർത്ഥാടകരിൽ 30 ശതമാനവും കണ്ണൂരിൽ നിന്നാണ് യാത്രതിരിക്കുന്നത്. കാർഗോ സൗകര്യവും ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത്രയും പശ്ചാത്തല സൗകര്യമുള്ള കണ്ണൂർ വിമാനത്താവളത്തിന് അടിയന്തിരമായും പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രിക്ക് നൽകിയ നിവേദനത്തിൽ സിപിഐ(എം) ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.


0/Post a Comment/Comments