പാലക്കാട്:പ്രധാനമന്ത്രി ആവാസ് യോജനയില്‍ അപ്രതീക്ഷിതമായി കേരളത്തിന് 1,97,759 വീടുകള്‍ അനുവദിച്ച് കേന്ദ്രസർക്കാർ.
കേരളം 30,000 വീടുകളാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും 36,000 എണ്ണത്തിന് കേന്ദ്രസർക്കാർ കഴിഞ്ഞമാസം അനുമതി നല്‍കിയിരുന്നു. ഇത് പരിഷ്കരിച്ചാണ് വീടുകളുടെ എണ്ണം വീണ്ടുമുയർത്തിയത്. ഇതാദ്യമായാണ് കേരളം ചോദിക്കാതെതന്നെ ഒരു മുന്നറിയിപ്പുമില്ലാതെ ഇത്രയധികം വീടുകള്‍ അനുവദിക്കുന്നത്. എന്നാല്‍, പദ്ധതിയില്‍ ത്രിതലപഞ്ചായത്തുകള്‍ കേന്ദ്രസർക്കാരിനേക്കാള്‍ കൂടുതല്‍വിഹിതം ചെലവഴിക്കേണ്ടതിനാല്‍ ഇവയുടെ നിർമാണം പൂർത്തിയാക്കാൻ പഞ്ചായത്തുകള്‍ പാടുപെടും.
പ്രധാനമന്ത്രി ആവാസ് യോജനയില്‍ 1,20,000 രൂപ മാത്രമാണ് ഒരു വീടിന്റെ യൂണിറ്റ് കോസ്റ്റ് ആയി കണക്കാക്കുന്നത്. ഇതില്‍ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാനസർക്കാരും വഹിക്കണമെന്നാണ് നിബന്ധന. ഇതുപ്രകാരം 72,000 രൂപയായിരിക്കും കേന്ദ്രസർക്കാർ നല്‍കുക. 48,000 രൂപയാണ് സംസ്ഥാനവിഹിതം.
എന്നാല്‍, ഒരു വീടിന് നാലുലക്ഷംരൂപയാണ് സംസ്ഥാനത്ത് നല്‍കുന്നത്. കേന്ദ്ര- സംസ്ഥാന വിഹിതങ്ങള്‍ കഴിച്ച് ബാക്കിയുള്ള 2,80,000 രൂപ ത്രിതലപഞ്ചായത്തുകള്‍ നല്‍കണം. ബ്ലോക്ക് പഞ്ചായത്ത് 1,12,000 രൂപ, ജില്ലാ പഞ്ചായത്ത് 98,000 രൂപ, ഗ്രാമപ്പഞ്ചായത്ത് 70,000 രൂപ എന്നിങ്ങനെയാണ് വകയിരുത്തേണ്ടത്. ഇത്രയും പേർക്കുള്ള വിഹിതം കണ്ടെത്തുക ത്രിതലപഞ്ചായത്തുകള്‍ക്ക് വെല്ലുവിളിയാവും.
2019 മാർച്ചില്‍ കേന്ദ്ര ഗ്രാമവികസനവകുപ്പ് നടത്തിയ സർവേയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 2,14,124 പേരെയാണ് കേന്ദ്രസർക്കാർ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ 13,114 പേർക്ക് 2021-22 സാമ്ബത്തികവർഷത്തില്‍ വീട് അനുവദിച്ചു. 2,01,010 പേർക്കാണ് കണക്കുപ്രകാരം ഇനി വീടുലഭിക്കാനുള്ളത്. ഇതില്‍ പലർക്കും ലൈഫ് അടക്കമുള്ള മറ്റ് ഭവനപദ്ധതികളില്‍ വീട് ലഭിച്ചിട്ടുണ്ടാവാമെന്നതിനാല്‍ ആവശ്യക്കാരുടെ എണ്ണം കുറയാൻ സാധ്യതയുണ്ട്. രണ്ടുലക്ഷത്തിലധികം വീടുകള്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളതിനാല്‍ പുതിയ അപേക്ഷകർക്കും വീടുലഭിക്കാൻ വഴി തുറക്കും.
ആകെ അനുവദിച്ച വീടുകളില്‍ ജനറല്‍, എസ്.സി., എസ്.ടി. അനുപാതം പാലിക്കണമെന്നും ഈ മാസം 25-നകം പരമാവധി വീടുകള്‍ക്ക് കരാർ വെക്കണമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ചുരുങ്ങിയ സമയംകൊണ്ട് നടപടികള്‍ പൂർത്തിയാക്കുകയെന്നതും എളുപ്പമല്ല.
Post a Comment