കേരള ഗ്രോ ബ്രാന്‍ഡ് ഷോറും എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും- മന്ത്രി പി. പ്രസാദ്

കണ്ണൂർ:കൃഷി വകുപ്പിന് കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ച കേരള ഗ്രോ ബ്രാന്‍ഡ് ഷോറും സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ഹോര്‍ട്ടി കോര്‍പ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കണ്ണൂര്‍ ജില്ലാ ഫാം ക്ലബ് വാര്‍ഷികവും കര്‍ഷക സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക സംരംഭകരാകുന്നവര്‍ക്ക് എല്ലാ പിന്തുണവും വകുപ്പ് നല്‍കും. കര്‍ഷകരെ സഹായിക്കാന്‍ കര്‍ഷകരുടെ ബ്രാന്‍ഡഡ് ഉല്‍പ്പനങ്ങള്‍ മാത്രം വില്പനക്ക് തയ്യാറാക്കിയ ബ്രാന്‍ഡഡ് ഷോറൂമാണ് കേരള ഗ്രോ ബ്രാന്‍ഡെന്നും മന്ത്രി പറഞ്ഞു.

നല്ല വിളവ് നല്ലവരുമാനം എന്നതാണ് വകുപ്പിന്റെ ലക്ഷ്യം. പുതിയ തലമുറ കൂടുതലായി കാര്‍ഷിക രംഗത്ത് കടന്നു വരുന്നുണ്ട്. ആറ് ലക്ഷത്തിലേറെ രൂപ കൂണ്‍ കൃഷിയിലൂടെ മാസവരുമാനം നേടുന്ന കര്‍ഷകര്‍ കണ്ണൂരില്‍ തന്നെയുണ്ട്. അവരെ മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കും കൃഷി ഭവനുകള്‍ക്കും കൂട്ടായ്മകള്‍ക്കുമുള്ള വകുപ്പിന്റെ അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു.

കണ്ണൂര്‍ ജില്ലയിലെ കര്‍ഷക ഫാം ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ കര്‍ഷക സംഗമത്തില്‍ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. കാര്‍ഷിക മേഖല നവോത്ഥാന ഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഹോര്‍ട്ടി കോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ ജെ. സജീവ് പദ്ധതി വിശദീകരണം നടത്തി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ഹോര്‍ട്ടി കോര്‍പ്പ് ചെയര്‍മാന്‍ അഡ്വ. എസ്. വേണുഗോപാല്‍, ഹോര്‍ട്ടികോര്‍പ്പ് ബോര്‍ഡ് അംഗം വിജയന്‍ ചെറുവക്കര, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.എന്‍. പ്രദീപന്‍, ഹോര്‍ട്ടി കോര്‍പ്പ് ജില്ലാ മാനേജര്‍ സി.വി. ജിതേഷ്,    
കര്‍ഷക പ്രതിനിധി ബേബി ജേക്കബ് എന്നിവര്‍ സംസാരിച്ചു.




0/Post a Comment/Comments