ലൈസൻസ് പുതുക്കാൻ പ്രവാസികൾക്ക് ദിവസം അഞ്ച് സ്ലോട്ട്, അനുവദിച്ചില്ലെങ്കിൽ കർശന നടപടി- ​ഗണേഷ് കുമാർ



പ്രവാസി മലയാളികള്‍ക്ക് പുതിയ ലൈസന്‍സ് എടുക്കുന്നതിനും കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കുന്നതിനും ഒരുദിവസം അഞ്ചുസ്ലോട്ടുകള്‍ നീക്കിവെച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇത് അനുവദിക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മടിച്ചാല്‍ തന്റെ ഓഫീസില്‍ പരാതിപ്പെടാമെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തിന് പുറത്തുതാമസിക്കുന്ന മലയാളികള്‍ക്കായി ഒരുദിവസത്തെ ടെസ്റ്റിനുവേണ്ടിയുള്ള 40 സ്ലോട്ടുകളില്‍ അഞ്ചെണ്ണം മാറ്റിവെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവുണ്ട്. ഇത് തരാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ മടിച്ചാല്‍ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടണം. പ്രവൈറ്റ് സെക്രട്ടറിക്ക് പരാതി നല്‍കിയാല്‍ അപ്പോള്‍ത്തന്നെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അപേക്ഷ നല്‍കിയാല്‍ ഒരു തീയതി ലഭിക്കും. ആ തീയതിയുമായി ആര്‍.ടി.ഓയേയോ ജോയിന്റ് ആര്‍.ടി.ഓയേയോ സമീപിച്ചാല്‍ ആവശ്യപ്പെടുന്ന ഏറ്റവും അടുത്ത തീയതി അനുവദിക്കും. തന്നില്ലെങ്കില്‍ മന്ത്രിയുടെ ഓഫീസിലേക്ക് ബന്ധപ്പെടാം. കര്‍ശനമായ നിര്‍ദേശം ആര്‍.ടി.ഒമാര്‍ക്കും ജോയിന്റ് ആര്‍.ടി.ഒമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടേയും മന്ത്രിയെന്ന നിലയില്‍ തന്റേയും ഉത്തരവുണ്ട്. അവര്‍ അനുസരിച്ചേ പറ്റുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.

കാലാവധി കഴിയുന്നതിന് ആറുമാസം മുമ്പേയും പുതുക്കാം. തീര്‍ന്നാല്‍ ഒരുവര്‍ഷത്തില്‍ ഉള്ളില്‍വരെ ഫൈനടയ്ക്കാതെ പുതുക്കാം. പക്ഷേ, ആ സമയത്ത് വാഹനംഓടിക്കാന്‍ പാടില്ല. അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഫൈനോടെ പുതുക്കാം. നാലുവര്‍ഷം കഴിഞ്ഞാണെങ്കില്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കുന്നതുമുതലുള്ള നടപടികളിലൂടെ വീണ്ടും കടന്നുപോകേണ്ടിവരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

പരിവാഹന്‍ വെബ്‌സൈറ്റിലെ സാരഥി ലിങ്കുവഴി വിദേശത്തിരുന്നും അപേക്ഷ നല്‍കാം. പണം ഓണ്‍ലൈനായി അടക്കാമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.


0/Post a Comment/Comments