മട്ടന്നൂർ: ഉഡാൻ പദ്ധതി പത്ത് വർഷത്തേക്ക് കൂടി നീട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം കണ്ണൂർ വിമാന താവളത്തിനും പ്രതീക്ഷ പകരുന്നു. ഉഡാൻ പദ്ധതി പ്രകാരം സർവീസുകൾ വേണമെന്ന് ആവശ്യപ്പെട്ട് കിയാൽ അധികൃതർ നിവേദനം നൽകി.
2019 മുതൽ 3 വർഷം കണ്ണൂരിൽ നിന്ന് ഉഡാൻ സർവീസുകൾ നടത്തിയിരുന്നു. രാജ്യത്തെ കൂടുതൽ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ എത്തിക്കാനും കുറഞ്ഞ ചെലവിൽ വിമാനയാത്ര സാധ്യമാക്കാനും ആവിഷ്കരിച്ച പദ്ധതിയാണ് ഉഡാൻ.
കൂടുതൽ ആഭ്യന്തര സർവീസുകൾ കണ്ണൂരിലേക്ക് വരുന്നതിന് ഉഡാൻ പദ്ധതി ഉപകരിക്കും. മുൻപ് ഇൻഡിഗോ എയർലൈൻസ് ആണ് കണ്ണൂരിൽ നിന്ന് ഉഡാൻ സർവീസുകൾ നടത്തിയിരുന്നത്.
ഹൈദരാബാദ്, ചെന്നൈ, ഗോവ, ഹുബ്ബള്ളി, ബെംഗളൂരു എന്നിവിടങ്ങളിൽ ആയിരുന്നു സർവീസുകൾ. കാലാവധി അവസാനിച്ചതോടെ ഈ സർവീസുകൾ നിർത്തി. ഇതിൽ ഗോവ, ഹുബ്ബള്ളി എന്നിവിടങ്ങളിൽ നിലവിൽ കണ്ണൂരിൽ നിന്ന് സർവീസില്ല.
മറ്റു സർവീസിനേക്കാൾ കുറഞ്ഞ യാത്രാ നിരക്കിലാണ് ഉഡാൻ സർവീസുകൾ നടത്തുക. സർവീസ് ചാർജുകളും ആനുപാതികമായി കുറയുന്നതിനാൽ വിമാന താവളത്തിന് ലഭിക്കേണ്ട വരുമാനവും കുറവായിരിക്കും.
ഉഡാൻ സർവീസിനുള്ള വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ ഇളവ് നൽകിയതിനെ തുടർന്നാണ് മുമ്പ് കണ്ണൂരിൽ നിന്ന് ഈ സർവീസുകൾ നടത്തിയത്. ഉഡാൻ റൂട്ടുകളിലേക്ക് മൂന്ന് വർഷത്തേക്ക് മറ്റു സർവീസുകൾ അനുവദിക്കില്ലെന്ന നിബന്ധന കണ്ണൂരിന് വേണ്ടി ഇളവ് ചെയ്തിരുന്നു.
ഗോഫസ്റ്റ് എയർലൈൻസിന്റെ സർവീസുകൾ ഉഡാനിൽ ഉൾപ്പെട്ടിരുന്നില്ല. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ഉഡാൻ പദ്ധതി വഴി കൂടുതൽ സർവീസുകൾ വരുന്നത് കണ്ണൂർ വിമാന താവളത്തിന്റെ വികസനത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
Post a Comment