കണ്ണൂർ:
കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓർമയ്ക്കായാണ് മലയാളികള്‍ കേരള പിറവി ആഘോഷിക്കുന്നത്.
ഈ നവംബർ ഒന്നിന് മലയാള നാടിന് 68 വയസ്സ് തികയുകയാണ്.
കേരളം എന്ന പേര് ലഭിച്ചതിനു പിന്നില്‍ നിരവധി ഐതിഹ്യമുണ്ട്. പരശുരാമന് എറിഞ്ഞ മഴു അറബിക്കടലില് വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകള് ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നു എന്നും പറയപ്പെടുന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു. വേൾഡ് വിഷൻ ന്യൂസ്. ഇതേത്തുടർന്ന് സ്വാതന്ത്ര്യം കിട്ടി രണ്ടു വര്ഷങ്ങള്ക്കു ശേഷം 1949ല് തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടു. പക്ഷേ മലബാര് അപ്പോഴും മദ്രാസ് പ്രസിഡന്സിയുടെ ഭാഗമായിരുന്നു. 1956 നവംബർ ഒന്നിന് പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ പ്രദേശങ്ങള്‍ ചേർന്ന് കേരള സംസ്ഥാനം നിലവില്‍ വന്നു.
ഭൂപടമെടുത്ത് മേശപ്പുറത്ത് നിവർത്തിയാല്‍ ഭൂലോകത്തിന്‍റെ ഒരറ്റത്താണെന്ന് തോന്നും. കടലിലേക്ക് കിനിഞ്ഞിറങ്ങും പോലെ കേരളമെന്ന കുഞ്ഞുനാട്. ഐക്യകേരളത്തിന് വേണ്ടിയുള്ള മുറവിളിക്കൊടുവിലായിരുന്നു പിറവി. മലയാള ഭാഷയുടെ മാത്രമല്ല, മതിലില്ലാത്ത മനസ്സുകളുടേയും മതേതര മൂല്യങ്ങളുടേയും കലവറയായിരുന്നു എന്നും കേരളം. കാലത്തിന്‍റെ കുതിപ്പില്‍ എങ്ങും എവിടെയും ഒന്നാമതെത്താൻ നാട് ഒത്തൊരുമിച്ച് കൈകോര്‍ത്ത എത്രയെത്ര ഏടുകള്‍.
അക്ഷരം പഠിച്ച് സാക്ഷരതയില്‍ ഒന്നാമതെത്തി, രാഷ്ട്രീയ ധാരണകള്‍ കെട്ടിപ്പടുത്ത് മാതൃകയായി, രാജ്യത്തിന്‍റെ സാമൂഹിക സാമ്ബത്തിക ജീവിത നിലവാര സൂചികകളില്‍ ഓടിയോടി മുന്നിലെത്തി, അങ്ങനെ നിരവധി നേട്ടങ്ങള്‍ ഇക്കാലയളവില്‍ മലയാളക്കരക്ക് സ്വന്തമായി. കേരളത്തിന്‍റെ അറുപത്തെട്ടിന്‍റെ ചെറുപ്പം പക്ഷെ ഇപ്പോള്‍ വെല്ലുവിളികളുടേത് കൂടിയാണ്. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിലും മതേതരത്വത്തിന്‍റെ മേല്‍ക്കുപ്പായത്തിലും ആശങ്കയുടെ നേരിയ നിഴല്‍പ്പാടുണ്ട്. മനുഷ്യമനസുകള്‍ക്ക് ചുറ്റും കെട്ടിപ്പൊക്കുന്ന വിദ്വേഷത്തിന്‍റെ മതിലുകളും മുറിപ്പാടുകളുമുണ്ട്.
വൻ വികസനത്തിലേക്ക് കുതിക്കുമ്ബോള്‍ പിന്നോട്ട് വലിക്കാൻ സാമ്ബത്തിക ഞെരുക്കത്തിന്‍റെ കാണാകുരുക്കുണ്ട്. പക്ഷെ എന്നും എവിടെയും പ്രതീക്ഷയുടെ പച്ചത്തുരുത്ത് അവശേഷിപ്പിക്കുന്നതാണ് കേരളത്തിന്‍റെ നന്മ.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി പല കാര്യങ്ങളിലും കേരളം വളരെ മുന്നിലാണെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികള്‍ കേരള പിറവി ദിനം ആഘോഷപൂർവം കൊണ്ടാടാറുണ്ട്. ഈ ദിനത്തില്‍ സ്ത്രീകള്‍ മലയാളികളുടെ പാരമ്ബര്യ വസ്ത്രമായ കസവു സാരിയും പുരുഷന്മാർ കസവു മുണ്ടും ഷർട്ടും ധരിക്കുന്നു. കേരള പിറവി ആശംസയും പരസ്പരം പങ്കുവയ്ക്കുന്നു.
എല്ലാ മലയാളികള്‍ക്കും വേൾഡ് വിഷൻ ചാനലിൻ്റെ കേരളപിറവി ആശംസകള്‍ നേരുന്നു.
Post a Comment