അത്ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങള്‍ ഒരു കുടക്കീഴില്‍; 'കുട്ടികളുടെ ഒളിംപിക്‌സ്' നാളെ മുതല്‍.


കൊച്ചി: ഒളിംപിക്‌സിലേത് പോലെ അത്ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങള്‍ ഒരു കുടക്കീഴില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. എറണാകുളം മഹാരാജാസ് കോളജ് മൈതാനമാണ് മുഖ്യവേദി. കാല്‍ലക്ഷത്തോളം കുട്ടികള്‍ 17 വേദികളിലായി വിവിധ ഇനങ്ങളില്‍ പങ്കെടുക്കും.

വൈകീട്ട് നാലിന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സ്‌കൂള്‍ കായികമേള ഉദ്ഘാടനം ചെയ്യും. മേളയുടെ ബ്രാന്‍ഡ് അംബാസഡറായ ഹോക്കിതാരം പി ആര്‍ ശ്രീജേഷ് ദീപം കൊളുത്തും. സാംസ്‌കാരിക സമ്മേളനം നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. മത്സരങ്ങള്‍ ചൊവ്വാഴ്ച മുതലാണ്. 11ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള മത്സരങ്ങളും കായികമേളയ്ക്കൊപ്പം നടക്കുന്നുണ്ട്. ആദ്യമായി ഗള്‍ഫ്നാടുകളിലെ സ്‌കൂളുകളില്‍നിന്നുള്ള കുട്ടികളും മത്സരിക്കാനെത്തും. അത്ലറ്റിക്‌സ് ഏഴുമുതല്‍ 11വരെയാണ്. ടെന്നീസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ജുഡോ, ഫുട്ബോള്‍, ത്രോബോള്‍, സോഫ്റ്റ്ബോള്‍, ഹാന്‍ഡ്ബോള്‍, ഖോ ഖോ, ബോക്‌സിങ്, പവര്‍ലിഫ്റ്റിങ്, ഫെന്‍സിങ്, ക്രിക്കറ്റ്, നീന്തല്‍ മത്സരങ്ങള്‍ ചൊവ്വാഴ്ച തുടങ്ങും.

സംസ്ഥാന സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് ജില്ലാ ഭരണനേതൃത്വവും പൊലീസും ചേര്‍ന്ന് ഗതാഗതക്രമീകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഗസ്റ്റ് ഹൗസില്‍ കായികമേളയുടെ സബ് കമ്മിറ്റി കണ്‍വീനര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികമേളയുടെ വിജയത്തിന് വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം ഉണ്ടാകണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ നടക്കുന്ന മഹാരാജാസ് കോളേജ് മൈതാനത്തേക്ക് ആവശ്യമായ പൊലീസ് സേനയെ വിന്യസിക്കും. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം മഹാരാജാസ് കോളേജ് കേന്ദ്രീകരിച്ച് സജ്ജമാക്കാന്‍ മന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. പെണ്‍കുട്ടികള്‍ താമസിക്കുന്നയിടത്ത് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടാനുള്ള നമ്പര്‍ തയ്യാറാക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

0/Post a Comment/Comments