ഇരിട്ടി: ഉദ്‌ഘാനം ചെയ്ത് പ്രവർത്തനമാരംഭിച്ച് ആറുമാസം പിന്നിട്ടിട്ടും വെള്ളവും വെളിച്ചവുമില്ലാതെ കേരളാ - കർണ്ണാടകാ അതിർത്തിയിലെ കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റ്. പത്ത് ലക്ഷം രൂപ ചിലവിൽ കെട്ടിടം നിർമ്മിച്ച് പോലീസിന് കൈമാറി പ്രവർത്തനം തുടങ്ങിയെങ്കിലും വൈദ്യുതി കണക്ഷനോ വെള്ളമോ ഇല്ലാത്തതു മൂലം വലയുകയാണ് ഇവിടെ ജോലിചെയ്യുന്ന ജീവനക്കാർ.
ബാത്ത് റൂം ഉൾപ്പെടെയുള്ള സൗകര്യം ഉണ്ടായിട്ടും വെള്ളവുമില്ലാത്ത അവസ്ഥ. ഒരു തണൽമരം പോലുമില്ലാത്ത സ്ഥലത്ത് കാലവർഷത്തിൽപോലും മുറിക്കുള്ളിൽ ചൂടാണ്. മഴ മാറി വെയിൽ തെളിഞ്ഞപ്പോൾ തന്നെ ചൂടിൽ എരുവരി കൊള്ളുകയാണ് ജീവനക്കാർ.
അയൽ സംസ്ഥാനത്ത് നിന്നും മയക്ക് മരുന്നുകൾ ഉൾപ്പെടെ നിത്യേന എന്നോണം എത്തുന്ന അതിർത്തിയിൽ 24 മണിക്കൂറും പോലീസ് നിരീക്ഷണം വേണ്ട പ്രദേശമാണ് ഇവിടം. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് അതിർത്തിയിൽ ചെക്ക് പോസ്റ്റിന് സ്ഥിരം സംവിധാനമൊരുക്കിയത്. കോവിഡ് കാലത്ത് പോലും പ്ലാസ്റ്റിക്ക് കെട്ടിമറച്ച കൂടാരത്തിലായിരുന്നു പോലീസിന്റെ പരിശോധന. ഈ ദുരവസ്ഥ മാധ്യമങ്ങൾ പലതവണ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സണ്ണിജോസഫ് എം എൽ എ കെട്ടിട നിർമ്മാണത്തിനായി പ്രദേശിക വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ അനുവദിച്ചു.
സ്ഥല ലഭ്യതയിൽ കൂടുങ്ങി നിർമ്മാണം വൈകി. കൂട്ടുപുഴ പാലത്തിന് സമീപം പുഴ പുറമ്പോക്കിൽ പായം പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലം പോലീസിന് വിട്ടുനൽകിയാണ് കെട്ടിടംനിർമ്മിച്ചത്.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപാണ് ഫർണ്ണിച്ചറും വൈദ്യുതിയും വെള്ളവും ഒന്നും ഒരുക്കാതെ ആഘോഷമായി ഉദ്‌ഘാടന ചടങ്ങ് നടത്തിയത്. വേൾഡ് വിഷൻ ന്യൂസ്. ഒരു മാസംകൊണ്ട് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നായിരുന്നു ജില്ലാ പോലീസ് മേധവി ഉൾപ്പെടെയുള്ളവരുടെ പ്രഖ്യാപനം. എന്നാൽ ആറുമാസം കഴിഞ്ഞിട്ടും ഡ്യൂട്ടിക്കിടയിൽ പ്രാഥാമികാവശ്യങ്ങൾ നിർവ്വഹിക്കണമെങ്കിൽ സമീപത്തെ ആർ ടി ചെക്ക് പോസ്റ്റ് ഓഫീസിലോ എക്‌സൈസ് ചെക്ക് പോസ്റ്റ് ഓഫീസിന്റേയോ വാതിൽ മുട്ടേണ്ട അവസ്ഥയാണ്.
ഇരിട്ടി പോലീസ് സബ് ഡിവിഷന് കീഴിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ നിന്നുളള പോലീസുകാരേയാണ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. കെട്ടിടത്തിന്റെ മുൻവശം ഷീറ്റ് ഇടാഞ്ഞതിനാൽ കനത്ത മഴയിൽ വെള്ളം മുറിക്കുള്ളിൽ കയറുന്ന ആവസ്ഥയുമുണ്ട് . വാഹന പരിശോധനയ്ക്ക് വെയിലും മഴയുംകൊണ്ട് നില്‌ക്കേണ്ടതായും വരുന്നു. ഇപ്പോൾ പാലത്തിന് സമീപത്തെ വാഗമരച്ചുവട്ടിലാണ് പോലീസ് ആശ്വാസം കാണുന്നത്.
Post a Comment