ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു


തൃശ്ശൂർ:
ചെറുതുരുത്തി ഭാരതപ്പുഴയില്‍ ഒഴുക്കില്‍പെട്ട് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ശ്മശാനം കടവിന് സമീപം വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.

ചെറുതുരുത്തി ഓടക്കല്‍ വീട്ടില്‍ കബീർ (47), ഭാര്യ ഷാഹിന (35), ഇവരുടെ മകള്‍ സറ (10), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ (12) എന്നിവരാണ് മരിച്ചത്. ഇവർ ഭാരതപ്പുഴ കാണാനെത്തുകയും പുഴയില്‍ ഇറങ്ങുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. 

കുടുംബാംഗങ്ങള്‍ക്കൊപ്പം പുഴയുടെ തീരത്ത് വിശ്രമിക്കുന്നതിനിടെ സറ വെള്ളത്തിലേക്ക് ഇറങ്ങുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി ഷാഹിന ഇറങ്ങി, പിന്നാലെ കബീറും ഫുവാദ് സനിനും ഇറങ്ങുകയായിരുന്നു. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഉമ്മയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ആദ്യം ഷഹനയെ രക്ഷപ്പെടുത്തി, നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 

രണ്ടുമണിക്കൂർ നേരത്തെ തിരച്ചിലിന് ശേഷമാണ് ഫുവാദ് സനിനെയും പിന്നീട് കബീറിനെയും അവസാനമായി സറയെയും കണ്ടെത്തിയത്. രാത്രി എട്ട് മണിയോടെയാണ് സറയെ കണ്ടെത്തുന്നത്. ചെറുതുരുത്തിയിലെ സറ ബേക്കറിയുടമയാണ് കബീർ. ചേലക്കര മേപ്പാടം ജാഫർ-ഷഫാന ദമ്ബതികളുടെ മകനാണ് ഫുവാദ് സനിൻ. പങ്ങാരപ്പിള്ളി സെയ്ന്റ് ജോസഫ്സ് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയാണ്. 

സറ ചെറുതുരുത്തി ഗവ. എല്‍.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. ചെറുതുരുത്തി പോലീസും ഷൊർണൂർ-വടക്കാഞ്ചേരി അഗ്നിരക്ഷാസേനയും എത്തിയാണ് തിരച്ചില്‍ നടത്തിയത്. അഗ്നിരക്ഷാസേനാ ജില്ലാ ഓഫീസറായ എം.എസ്. സുവി, ജില്ലാ പോലീസ് മേധാവി എസ്. ഇളങ്കോ എന്നിവർ സ്ഥലത്തെത്തിയിരുന്നു.മൃതദേഹങ്ങള്‍ ചേലക്കര സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്.




0/Post a Comment/Comments