കൊച്ചി:
ഒരുപിടി ജനപ്രിയ ചലച്ചിത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആസ്വാദകരുടെ മനസ് കീഴടക്കിയ തിരക്കഥാകൃത്തും സംവിധായകനുമായ ഷാഫി (56) അന്തരിച്ചു.
ആന്തരിക രക്തസ്രാവത്തെ തുടർന്ന് ജനുവരി 16 മുതല്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷാഫിക്ക് കഴിഞ്ഞ ദിവസം തലച്ചോറില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ച 12.30 ഓടെയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്ബത് മുതല്‍ 12 വരെ കലൂർ മണപാട്ടിപ്പറമ്ബ് കൊച്ചിൻ സർവിസ് സഹകരണ ഹാളില്‍ പൊതുദർശനത്തിനുവെച്ചശേഷം വൈകീട്ട് നാലിന് കലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനില്‍ ഖബറടക്കും.
1968 ഫെബ്രുവരി 18ന് എറണാകുളത്താണ് ജനനം. 1990കളുടെ മധ്യത്തില്‍ സംവിധായകൻ രാജസേനനുമായും റാഫി-മെക്കാർട്ടിൻ ജോടിയുമായും സഹകരിച്ചാണ് ഷാഫി സിനിമ ജീവിതം ആരംഭിച്ചത്. 2001ല്‍ വണ്‍മാൻ ഷോ എന്ന ചിത്രത്തിലൂടെയാണ് ഷാഫി സംവിധാന രംഗത്തേക്ക് എത്തുന്നത്. വർഷങ്ങള്‍ക്ക് ശേഷവും സിനിമാ ആസ്വാദകർക്കിടയില്‍ ചർച്ച ചെയ്യപ്പെടുന്ന ഹിറ്റ് തമാശ ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പിറന്നത്.
കല്യാണരാമൻ (2002), പുലിവാല്‍ കല്യാണം (2003), തൊമ്മനും മക്കളും (2005), മായാവി, ചോക്കലേറ്റ് (2007), ലോലിപോപ്പ്(2008), ചട്ടമ്ബിനാട് (2009), മേരിക്കുണ്ടൊരു കുഞ്ഞാട് (2010), മേക്കപ്പ് മാൻ, വെനീസിലെ വ്യാപാരി (2011), 101 വിവാഹങ്ങള്‍ (2012), ടു കണ്‍ട്രീസ് (2015), ഷെർലക് ടോംസ്(2017), ഒരു പഴയ ബോംബ് കഥ (2018), ചില്‍ഡ്രൻസ് പാർക്ക് (2019), ആനന്ദം പരമാനന്ദം (2022) എന്നിവ അദ്ദേഹത്തിന്‍റെ ചിത്രങ്ങളാണ്. ഒരു തമിഴ് സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. 2018ല്‍ ഷാഫി സംവിധാനം ചെയ്ത മെഗാ സ്റ്റേജ് ഷോ മധുരം 18 യു.എസ്.എയിലും കാനഡയിലും 15 സ്റ്റേജുകളിലായി അവതരിപ്പിച്ചു.
മൂത്തോടത്ത് വീട്ടില്‍ പരേതരായ ഹംസ-നബീസ ദമ്ബതികളുടെ മകനാണ്. ഭാര്യ: ഷാമില. മക്കള്‍: അലീമ ഷെറിൻ, സല്‍മ ഷെറീൻ. റാഫി-മെക്കാർട്ടിൻ ജോടിയിലെ റാഫി, ഷാഫിയുടെ ജ്യേഷ്ഠനാണ്. അന്തരിച്ച സംവിധായകൻ സിദ്ദിഖ് ഇവരുടെ അമ്മാവനാണ്.
Post a Comment