കഫെ കുടുംബശ്രീ ഭക്ഷ്യ മേള ഫെബ്രുവരി രണ്ട് മുതല്‍ പയ്യാമ്പലത്ത്




കുടുംബശ്രീ ജില്ലാമിഷന്റെയും കണ്ണൂര്‍ നഗര സഭയുടെയും നേതൃത്വത്തില്‍ ഫെബ്രുവരി രണ്ട് മുതല്‍ ഒന്‍പത് വരെ കഫേ കുടുംബശ്രീ ഭക്ഷ്യമേള പയ്യാമ്പലം ബീച്ചില്‍ നടക്കും. 
ജില്ലയിലെ മുപ്പത് കുടുംബശ്രീ സംരംഭകരാണ് ഭക്ഷ്യ മേളക്കായി ഒരുങ്ങുന്നത്. 

കേരള ചിക്കന്റെ ഭക്ഷ്യ വിഭവങ്ങളുടെ സ്റ്റാളും മേളയില്‍ പ്രവര്‍ത്തിക്കും. ഇതാദ്യമായ് പയ്യാമ്പലം വേദിയൊരുക്കുന്ന ഭക്ഷ്യ മേളയില്‍ കുടുംബശ്രീയുടെ വിവിധ കഫെ യൂണിറ്റുകളുടെ രുചികരമായ വിഭവങ്ങളും തനത് ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ലൈവ് ഫുഡ് സ്റ്റാളുകളും ചെറുധാന്യ വിഭവങ്ങളുടെ പ്രത്യേക സ്റ്റാളും പ്രവര്‍ത്തിക്കും. 

ഏഴ് ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ഭാഗമായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും  കുടുംബശ്രീ സൂക്ഷ്മ സംരംഭ യൂണിറ്റുകളുടെ ട്രേഡ് ഫെയറും ഉണ്ടാകും. ഫെബ്രുവരി രണ്ടിന് കുടുംബശ്രീ ഡി ഡി യു ജി കെ വൈ പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥി സംഗമം നടക്കും. കണ്ണൂര്‍ നഗരസഭ ഹാളില്‍ നടന്ന സംഘാടക സമിതി യോഗം മേയര്‍ മുസ്ലിഹ് മഠത്തില്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ പി ഇന്ദിര, ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വി ജ്യോതിലക്ഷ്മി എന്നിവര്‍ സംസാരിച്ചു.


0/Post a Comment/Comments