ആറളം ഫാം വനാതിർത്തിയിൽ കാട്ടാന പ്രതിരോധ സംവിധാനം
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി.
കാട്ടാന പ്രതിരോധത്തിന് വളയംചാൽ മുതൽ പൊട്ടിച്ചിപ്പാറ വരെ സംരക്ഷണ ഭിത്തി പണിയുന്നതിന് 22 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമാണ വിഭാഗത്തിനാണ് നിർമാണച്ചുമതല. 10.5 കിലോ മീറ്റർ ആനമതിലും 3.5 കിലോ മീറ്റർ റെയിൽ വേലിയുമാണ് നിർമിക്കുന്നത്. രണ്ട് വർഷം മുമ്പ് ഊരാളുങ്കൽ സൊസൈറ്റി ഉണ്ടാക്കിയ എസ്റ്റിമേറ്റ് പുതുക്കുന്നതിന്റെ ഭാഗമായിരുന്നു പരിശോധന. ആവശ്യമെങ്കിൽ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്ക് പട്ടിക വർഗ വികസന വകുപ്പ് നിർദേശം നൽകിയിരുന്നു.
മതിൽ നിർമാണം 18 മാസം കൊണ്ട് പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി കളക്ടറേറ്റിൽ നടന്ന യോഗത്തിന്റെയും ഇരിട്ടിയിൽ നടന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലുണ്ടായ തീരുമാനത്തിന്റെ ഭാഗമായിരുന്നു സംയുക്ത പരിശോധന.
കേളകം ഭാഗങ്ങളിൽ നിർമിച്ച മതിൽ പരിശോധിച്ചതിന് ശേഷമായിരുന്നു ആറളത്തെ പരിശോധന. നിലവിൽ വനാതിർത്തിയിൽ അഞ്ച് കിലോമീറ്റർ കരിങ്കൽ മതിലും 3.5കിലോമീറ്റർ കിടങ്ങും നിർമിച്ചിട്ടുണ്ട്. പഴയ കരിങ്കൽ മതിൽ നിലനിർത്തണമോ പൊളിച്ചുമാറ്റണമോ എന്ന കാര്യത്തിൽ ചീഫ് എൻജിനീയർ തലത്തിൽ വിലയിരുത്തി നടപടി സ്വീകരിക്കും.
നിലവിലുള്ള മതിലിൽ കുറെഭാഗം ഫലപ്രദമാണെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിരീക്ഷണം. ഇതിന്റെ ശേഷി വിലയിരുത്തുന്നതിനായി വീണ്ടും പരിശോധന നടത്തുമെന്ന് പൊതുമാരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജിഷാകുമാരി പറഞ്ഞു.
നിലവിലുള്ള മതിൽ പൊളിച്ചുനീക്കണമെന്ന് ആറളം ഫാം സൈറ്റ് മാനേജർ പി.പി.ഗിരീഷ് ആവശ്യപ്പെട്ടു. നിർമാണം സമയബന്ധിതമായി തീർക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആറളം ഡി.എഫ്.ഒ. ബി.സന്തോഷ് കുമാർ പറഞ്ഞു. പരിശോധനാ സംഘത്തിൽ കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്ത്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാജീവ്കുമാർ, അസിസ്റ്റന്റ് എൻജിനീയർ സനല, ആറളം ഫാം ജീവനക്കാരും പങ്കെടുത്തു.
പ്രവൃത്തിക്കുള്ള മൊത്തം അടങ്കൽ തുകയിൽ 50 ശതമാനമായ 11 കോടിയോളം രൂപ മുൻകൂറായി ഡെപോസിറ്റ് ചെയ്യുന്നതിന് ധനകാര്യ വകുപ്പ് അനുമതി നൽകിയിരുന്നു.
Post a Comment