ഇരിട്ടി: സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം അതിതീവ്രമഴ ഉണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
മുന്നറിയിപ്പിനെത്തുടർന്ന് ഇരിട്ടി ഉൾപ്പെടെ മലയോരമേഖലകളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി
മേഖലയിലെ പരിസ്ഥിതിദുർബല പ്രദേശങ്ങളായ 22 ഇടങ്ങളിൽ ഉരുൾപൊട്ടലോ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടച്ചിലിനോ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് ദേശീയ ദുരന്ത പ്രതികരണ രക്ഷാസേനാസംഘത്തെ നിയോഗിച്ചു. ഇരിട്ടി താലൂക്ക് പരിധിയിൽ ഉരുൾപൊട്ടാൻ സാധ്യതയുള്ള കേന്ദ്രങ്ങളിൽ അതിതീവ്ര ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായാണ് എൻ.ഡി.ആർ.എഫിന്റെ 19 അംഗ സംഘത്തെ നിയോഗിച്ചത്.
അയ്യൻകുന്ന് പഞ്ചായത്തിലെ ആനപ്പന്തി ഗവ. എൽ.പി. സ്കൂളിൽ ഇവരുടെ ക്യാമ്പ് തുറന്നു. കൂടുതൽ ദുരന്തസാധ്യതയുള്ള അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി പറക്കാംപ്പാറ, ബാരാപോൾ പദ്ധതിപ്രദേശം, കീഴങ്ങാനം, എടപ്പുഴ മേഖലകളിൽ എൻ.ഡി.ആർ.എഫ്., റവന്യു സംഘം സന്ദർശിച്ചു. മേഖലയിലെ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. അടിയന്തരഘട്ടങ്ങളിൽ ബന്ധപ്പെടുന്നതിന് ഫോൺ നമ്പറുകളും കൈമാറി. ദുരന്തമുണ്ടായാൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നത് ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സന്ദർശനം. ഉരുപ്പുംകുറ്റി ഏഴാംകടവിൽ കഴിഞ്ഞദിവസം മണ്ണിടിച്ചിലുണ്ടായ തങ്കച്ചന്റെ വീട് ഉൾപ്പെടുന്ന കൃഷിയിടം സംഘം സന്ദർശിച്ചു.
അയ്യൻകുന്നിനുപുറമെ കൊട്ടിയൂർ, കേളകം, വയത്തൂർ, കീഴൂർ വില്ലേജിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളാണ് അപകടസാധ്യതാ മേഖലയായി കണ്ടെത്തിയിരിക്കുന്നത്. എൻ.ഡി.ആർ.എഫ്. ഇൻസ്പെക്ടർ അവിനേഷ് കുമാർ, സബ് ഇൻസ്പെക്ടർ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായാണ് ഇവർ മേഖലയിൽ ക്യാമ്പ് ചെയ്യുന്നത്. ഏത് അടിയന്തരഘട്ടങ്ങളിലും ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് ഇരിട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശൻ, ഡെപ്യൂട്ടി തഹസിൽദാർ എം.ലക്ഷ്മണൻ, അയ്യൻകുന്ന് വില്ലേജ് ഓഫീസർ മനോജ് കുമാർ, താലൂക്ക് ജീവനക്കാരായ കെ.പി.അനുരാഗ്, കെ.സി.സനീതൻ, പി.മണി, പ്രശാന്ത് കുമാർ എന്നിവരും സംഘത്തോടൊപ്പമുണ്ട്.
അതിശ്രദ്ധാ മേഖലകൾ
:മുൻവർഷങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചലുമുണ്ടായ പ്രദേശങ്ങളാണ് അതിശ്രദ്ധാമേഖലകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അയ്യൻകുന്ന് വില്ലേജിലെ പാറയ്ക്കാമല, പാലത്തിൻകടവ്, എടപ്പുഴ, രണ്ടാംകടവ്, ആനപ്പന്തിക്കവല, വാളത്തോട് എന്നിവയ്ക്കുപുറമെ കീഴൂർ വില്ലേജിലെ എടക്കാനം, വയത്തൂർ വില്ലേജിലെ അറബി, കാലാങ്കി, കൊട്ടിയൂരിലെ ചപ്പമല, കണ്ടപ്പനം, മേലെ ചാപ്പമല, കേളകം വില്ലേജിലെ ശാന്തിഗിരി എന്നീ പ്രദേശങ്ങളാണ് അതിശ്രദ്ധാകേന്ദ്രങ്ങൾ
Post a Comment