സംസ്ഥാനത്തെ തൊഴിലാളി ചരിത്രത്തിൽ പുത്തൻ അധ്യായം എഴുതിചേർത്ത് സംസ്ഥാന സർക്കാർ.
തൊഴിലുറപ്പ് തൊഴിലാളി ക്ഷേമപദ്ധതിക്ക് നിയമ സാധുത നൽകുന്ന ബില്ലിന് നിയമസഭയുടെ അംഗീകാരം കഴിഞ്ഞ ദിവസം ലഭിച്ചതോടെ 40 ലക്ഷം തൊഴിലാളികൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
ക്ഷേമനിധി ബിൽ പാസാക്കിയതിലൂടെ സംസ്ഥാനം രാജ്യത്തിനുമുന്നിൽ തല ഉയർത്തി നിൽക്കുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികൾക്കായി ഇത്തരമൊരു പദ്ധതി മറ്റൊരു സംസ്ഥാനത്തുമില്ല. മഹാത്മാഗാന്ധി, അയ്യൻകാളി തൊഴിലുറപ്പ് പദ്ധതികളിലെ 40 ലക്ഷം തൊഴിലാളികളാണ് ക്ഷേമപദ്ധതി അംഗങ്ങൾ. ഇവർക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ഉറപ്പാകും.
കെട്ടിട നിർമാണാനുമതി വൈകിപ്പിക്കുന്നത് ഒഴിവാക്കാനുള്ള നടപടികൾക്ക് സാധുതയേകുന്ന രണ്ട് നിയമഭേദഗതി ബില്ലും സഭ പാസാക്കി. പഞ്ചായത്ത് രാജ്, - മുനിസിപ്പാലിറ്റി നിയമങ്ങളാണ് ഭേദഗതി ചെയ്തത്.
എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനമാണ്‌നടപ്പാകുന്നത്. കേന്ദ്രസർക്കാർ ഫണ്ട് വെട്ടിക്കുറച്ചും കൂലി വൈകിപ്പിച്ചുമെല്ലാം ഈ മേഖലയെ തകർക്കുമ്പോഴാണ് രാജ്യത്തിനുതന്നെ മാതൃകയായി തൊഴിലിന് കൂടുതൽ സുരക്ഷനൽകുന്ന നടപടികൾ സംസ്ഥാന സർക്കാർ യാഥാർഥ്യമാക്കുന്നത്.
എൽഡിഎഫ് സർക്കാർ നൽകുന്ന സംരക്ഷണം ഈ മേഖലയിൽ കൂടുതൽപേരെ ആകർഷിക്കുമെന്ന് തൊഴിലാളികൾ പറഞ്ഞു. 18 നും 55 നും ഇടയിലുള്ളവർക്ക് ക്ഷേമനിധിയിൽ അംഗങ്ങളാവാം. ഇവർക്കെല്ലാം പെൻഷൻ ആനുകൂല്യം, വിവാഹസഹായം, അപകട ധനസഹായം, വിദ്യാഭ്യാസ സഹായം എന്നിങ്ങനെയുള്ള ക്ഷേമനിധി ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ കഴിയും. ആദിവാസികൾ ഉൾപ്പെടെ വലിയൊരുവിഭാഗം തൊഴിലുറപ്പിനെ ആശ്രയിക്കുന്നുണ്ട്. കോവിഡ് കാലത്ത് വിവിധ മേഖലകളിൽ തൊഴിൽ പ്രതിസന്ധി നേരിട്ടപ്പോൾ ആയിരങ്ങൾക്ക് ആശ്വാസമായത് തൊഴിലുറപ്പിലൂടെ ലഭിക്കുന്ന വരുമാനമായിരുന്നു. തൊഴിലാളികൾക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് സർക്കാരിന്റെ നടപടികളെന്ന് തൊഴിലാളികൾ അഭിപ്രായപ്പെട്ടു.
Post a Comment