ഇരിട്ടി : നാലുപതിറ്റാണ്ടിലേറെക്കാലം ഒരു പ്രദേശത്തെ ആയിരക്കണക്കായ ജനങ്ങളുടെ വീട്ടുപടിക്കൽ തപാൽ ഉരുപ്പടികളുമായി കയറിവന്ന പോസ്റ്റ്മാൻ ചന്ദ്രൻ ഒടുവിൽ തപാലോഫീസിന്റെ പടിയിറങ്ങുന്നു. ഭാരതീയ തപാൽ വകുപ്പിൽ 41 വർഷമായി തുടരുന്ന വള്ളിയാട് മാടമ്പള്ളി ഹൌസിൽ മുണ്ടയാടൻ ചന്ദ്രനാണ് തന്റെ അറുപത്തി അഞ്ചാം വയസ്സിൽ സേവനം മതിയാക്കി പടിയിറങ്ങുന്നത്. ഇദ്ദേഹം ഒരു നാടിനോട് കാണിച്ച സേവനത്തിന്റെയും സ്നേഹത്തിന്റെയും പ്രതിഫലമെന്നോണം വള്ള്യാട് ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിൽ നടന്ന ആദരണച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ജന ബഹുല്യവും ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെ പ്രതിഫലനമായി.
1979 ൽ ആണ് ഇദ്ദേഹം ഇരിട്ടി പോസ്റ്റോഫീസിന്റെ ബ്രാഞ്ച് ഓഫീസായ കീഴൂർ പോസ്‌റ്റോഫീസിൽ താത്കാലിക അഞ്ചൽ ജീവനക്കാരനായി എത്തുന്നത്. തുടർന്ന് 1980ൽ ഇ ഡി പോസ്റ്റ്മാനായിമാറി. ഇ ഡി എന്നാൽ എക്‌സ്ട്രാ ഡിപ്പാർട്ട് മെന്റ് എന്ന് വിളിക്കപ്പെടുന്ന ഇവർ സർക്കാരിന്റെ ഭാഗമല്ലാത്ത ഒരു ജീവനക്കാരൻ ആയാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇത്രയും കാലം തൊഴിലെടുത്തിട്ടും ഇവർക്ക് പെന്ഷന് പോലും അർഹതയില്ല എന്നതും ഒരു വസ്തുതയാണ്. അതിനാൽ തന്നെ ഈ മേഖലയിൽ ഇവർ ചെയ്യുന്ന തൊഴിൽ ശരിക്കും ഒരു സേവനം തന്നെയാണ് കണക്കാക്കപ്പെടുന്നത്.
കീഴൂരിലെ പോസ്‌റ്റോഫീസിനു കീഴിൽ ആറ് കിലോമീറ്ററിലേറെ വരുന്ന പരിധിക്കുള്ളിൽ റോഡുകളോ വാഹന സൗകര്യങ്ങളോ അക്കാലത്ത് ഉണ്ടായിരുന്നില്ല. കുന്നും മലകളും നിറഞ്ഞ പ്രദേശങ്ങളിലെ മേൽവിലാസക്കാരിൽ തപാൽ ഉരുപ്പടികൾ എത്തിക്കണെമെങ്കിൽ ഊട് വഴികളിലൂടെയുള്ള കാല്നടയാത്രമാത്രം ശരണം. നാട് ഇത്രയേറെ പുരോഗമിച്ചിട്ടും ഇന്നും ഇദ്ദേഹത്തിന്റെ സേവന പരിധിയിലുള്ള എടക്കാനം , കീഴൂർകുന്ന് , പാലാപ്പറമ്പ് , കീരിയോട് , ചേളത്തൂർ , മോച്ചേരി , കണങ്ങോട് എന്നിവിടങ്ങളിൽ എത്തിച്ചേരണമെങ്കിലും കാൽനടയാത്ര തന്നെ വേണ്ടിവരുന്നു.
നീണ്ട 41 വർഷത്തെ സേവനകാലയളവിൽ ഈ പ്രദേശങ്ങളിലെ കുടുംബങ്ങളിലെ ഒരംഗമായി ഇദ്ദേഹം മാറി. ഇതിനിടയിൽ മേഖലയിലെ ആയിരക്കണക്കായ ജനങ്ങളുടെ സന്തോഷവും, ദുഖവും , പ്രതീക്ഷകളും , നൈരാശ്യങ്ങളും നിറഞ്ഞ തപാൽ ഉരുപ്പടികളുടെ സന്ദേശ വാഹകനാകേണ്ടി വന്നിട്ടുണ്ട് ചന്ദ്രന്. പി എസ് സി അടക്കമുള്ള പരീക്ഷകളെഴുതി തൊഴിലിടങ്ങളിൽ നിന്നും നിയമന ഉത്തരവ് കാത്തിരിക്കുന്നവർക്ക് ഉത്തരവ് കയ്യിൽ കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷങ്ങൾക്ക് സാക്ഷിയാവാൻ കഴിഞ്ഞിട്ടുണ്ട്. അതേസമയം ഒരു കാലത്ത് മരണവർത്തകളും മറ്റും കമ്പിയടിയിലൂടെ അറിയിക്കേണ്ടി വന്നപ്പോഴുള്ള ദുഃഖ രംഗങ്ങൾക്കും സാക്ഷിയാവേണ്ടി വന്നിട്ടുണ്ടെന്നും ചന്ദ്രൻ പറഞ്ഞു. പാനൂർ പൊയിലൂർ സ്വദേശിനി കോമളവല്ലിയാണ് ചന്ദ്രന്റെ ഭാര്യ. മൂത്തമകൾ ദിവ്യ മമ്പറം ഇന്ദിരാഗാന്ധി ഇഗ്ളീഷ് മീഡിയം സ്‌കൂളിൽ അദ്ധ്യാപികയാണ്. രണ്ടാമത്തെ മകൾ ധന്യ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററാണ്.
വള്ള്യാട് ഗ്രാമസേവാസമിതിയുടെ നേതൃത്വത്തിൽ മാടമ്പള്ളിയിൽ നടന്ന യാത്രയപ്പ് ചടങ്ങ് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി ഉദ്‌ഘാടനം ചെയ്തു. ഔദ്യോഗികമായ ജോലിയിൽ നിന്നും വിരമിക്കുന്നവർക്ക് ഒരു നാട് ഒന്നടക്കം യാത്രയയപ്പു നൽകാനെത്തുന്ന ഒരു അപൂർവ സംഭവമാണ് ഇവിടെ നടക്കുന്നതെന്നും ഇത് യാത്രയയപ്പല്ല നാടിനോടും നാട്ടുകാരോടും ഇദ്ദേഹം കാണിച്ച കൂറിനുള്ള നാട്ടുകാരുടെ സ്നേഹാദരമാണെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. നഗരസഭാ കൗൺസിലർ സത്യൻ കൊമ്മേരി അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എൻ. സിന്ധു, എടക്കാനം ഗുരുജി കലാ കായിക കേന്ദ്രം പ്രസിഡന്റ് വി.എം. പ്രശോഭ്, ടി.വി. സെബാസ്ററ്യൻ സ്മാരക ക്ലബ് പ്രസിഡന്റ് എം. ശ്രീനിവാസൻ, ചെറുവോട് ഇ.കെ. നായനാർ ക്ലബ് പ്രസിഡന്റ് പി. സജീഷ്, റിട്ട. എസ് ഐ എൻ. മോഹനൻ, ഗീതാ രാമകൃഷ്ണൻ, അഞ്ജലി രമേശ്, അവിനാശ് കോമത്ത്, സന്ദീപ് മാവില എന്നിവർ സംസാരിച്ചു. പൊന്നാട അണിയിച്ച് ആദരിച്ച വത്സൻ തില്ലങ്കേരി ഗ്രാമസേവാ സമിതിയുടെ ഉപഹാരവും വേദിയിൽ വെച്ച് ചന്ദ്രന് കൈമാറി.
Post a Comment