വാഹനാപകടത്തിനിടെ യുവാവിന്റെ പണമടങ്ങിയ ബാഗുമായി കടന്നവരെ കൂത്തുപറമ്പ് പോലീസ് പിടികൂടി.
കഴിഞ്ഞ ദിവസം രാവിലെ 9.15-ഓടെ ചാലക്കുന്നിൽ ബസിന് പിറകിൽ കാറിടിച്ചായിരുന്നു അപകടം. അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു.
അപകട വിവരം അറിയുന്നതിന് വേണ്ടി ബസ് യാത്രക്കാരനായ നാറാത്ത് സ്വദേശി സംഗീത് സീറ്റിൽ ബാഗ് വെച്ച് പുറത്തേക്കിറങ്ങി. അൽപ്പസമയത്തിനകം തിരിച്ച് ബസിൽ എത്തുമ്പോഴേക്കും സീറ്റിൽ ബാഗുണ്ടായിരുന്നില്ല.
ഇതിനിടെ രണ്ട് പേർ ബാഗുമായി മാനന്തവാടി ബസിൽ കയറുന്നത് മറ്റ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് കൂത്തുപറമ്പ് പോലീസിനെ വിവരമറിയിച്ചു.
കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽവെച്ച് പോലീസ് ബസിൽ നടത്തിയ പരിശോധനയിൽ തിരുവനന്തപുരം, മൂവാറ്റുപുഴ സ്വദേശികളിൽനിന്ന് ബാഗ് കണ്ടെടുത്തു. സൃഹൃത്തിന്റേതെന്ന് കരുതിയാണ് ബാഗ് എടുത്തതെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്. ബാഗ് തിരിച്ചുകിട്ടിയതോടെ പരാതിയില്ലെന്ന് സംഗീത് പറഞ്ഞു.
Post a Comment