കണ്ണൂർ വിമാനത്താവളവികസനത്തിനായി സ്ഥലം വിട്ടുനൽകിയ കൊതേരിഭാഗത്തെ ഭൂവുടമകൾക്ക് നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുമെന്ന് സ്ഥലമേറ്റെടുപ്പ് സ്പെഷ്യൽ തഹസിൽദാർ ഓഫീസ് അധികൃതർ


   
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളവികസനത്തിനായി സ്ഥലം വിട്ടുനൽകിയ കൊതേരിഭാഗത്തെ ഭൂവുടമകൾക്ക് നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുമെന്ന് സ്ഥലമേറ്റെടുപ്പ് സ്പെഷ്യൽ തഹസിൽദാർ ഓഫീസ് അധികൃതർ അറിയിച്ചു. കെ.കെ.ശൈലജ എം.എൽ.എ. വിളിച്ചുചേർത്ത ഭൂവുടമകളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ 200 കോടി രൂപ അനുവദിച്ചിരുന്നു.

തുക കിൻഫ്രയുടെ അക്കൗണ്ടിലേക്ക് എത്തി. രണ്ടുദിവസത്തിനകം ഇത് സ്ഥലമേറ്റെടുപ്പ് സ്പെഷ്യൽ തഹസിൽദാർക്ക് കൈമാറും. രേഖകളുടെ പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് ഇത് ഭൂവുടമകൾക്ക് വിതരണംചെയ്യും. ഇതിനകം 20 പേരുടെ രേഖകളുടെ പരിശോധന പൂർത്തിയായിട്ടുണ്ട്.


പണം ലഭ്യമാക്കുന്ന നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കാൻ ഭൂവുടമകൾ ശ്രദ്ധിക്കണമെന്ന് കെ.കെ.ശൈലജ എം.എൽ.എ. പറഞ്ഞു. രേഖകൾ കൃത്യമായി ഹാജരാക്കാനാവണം. ഒരേക്കർ ഭൂമിയിൽ 10 സെന്റിൻമേൽ തർക്കമുണ്ടെങ്കിൽ അത് മാറ്റിവെച്ച് ബാക്കിസ്ഥലത്തിന്റെ നഷ്ടപരിഹാരം വാങ്ങിയെടുക്കണം. ഇടനിലക്കാരുടെ വലയിൽ ഭൂവുടമകൾ വീഴരുത്. ഭീമമായ തുക കോടതിയിൽ കെട്ടിവെക്കുന്നതും വക്കീൽഫീസായി ലക്ഷങ്ങൾ നൽകുന്നതിനുമുള്ള സാഹചര്യം ഒഴിവാക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.

വീട് വിട്ടുനൽകിയ കുടുംബാംഗങ്ങൾക്ക് പാക്കേജ് പ്രകാരമുള്ള തൊഴിൽ ഉടൻ നൽകണമെന്നും പുനരധിവാസം ലഭിച്ച പ്രദേശത്ത് അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പാടാക്കണെന്നും ഭൂവുടമകൾ ആവശ്യപ്പെട്ടു. സ്ഥലം സംബന്ധിച്ച തർക്കമുള്ളവ മാറ്റിവെച്ച് ബാക്കിയുള്ളവർക്ക് നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കണമെന്നും ആവശ്യമുയർന്നു. 35-ഓളം ഭൂവുടമകളാണ് യോഗത്തിൽ പങ്കെടുത്തത്.


2013ലാണ് കൊതേരി, എളമ്പാറഭാഗത്തെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി തുടങ്ങിയത്. കാലതാമസംമൂലം രണ്ടുതവണ വിജ്ഞാപനത്തിന്റെ കാലാവധി റദ്ദായി. ഭൂമിയുടെ രേഖകൾ സർക്കാരിൽ നൽകി കാത്തിരിക്കുന്ന ഭൂവുടമകൾ സ്ഥലം ക്രയവിക്രയം നടത്താനോ നിർമാണപ്രവൃത്തികൾ ചെയ്യാനോ സാധിക്കാത്ത സ്ഥിതിയിലായിരുന്നു. കാലപ്പഴക്കംമൂലം പല വീടുകളും ശോച്യാവസ്ഥയിലായി. നഷ്ടപരിഹാരം നീണ്ടുപോകുന്നതിനെതിരേ വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്.

വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.വി.മിനി, വൈസ് പ്രസിഡന്റ്‌ കെ.അനിൽകുമാർ, ഡെപ്യൂട്ടി കളക്ടർ പി.വി.രഞ്ജിത്ത്, സ്പെഷ്യൽ തഹസിൽദാർ കെ.രാധാകൃഷ്ണൻ, കിൻഫ്ര നോഡൽ ഓഫീസർ കെ.വി.ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments