മുല്ലപ്പെരിയാര്‍ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി


മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേരളവും തമിഴ്‌നാടും സംയുക്തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജികള്‍ മാറ്റിയത്. വിഷയവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ തങ്ങള്‍ക്ക് അറിയാമെന്ന് ജസ്റ്റീസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

മേല്‍നോട്ട സമിതി ശക്തിപ്പെടുത്തുന്നതിനായുള്ള ശുപാര്‍ശ തയ്യാറാക്കുന്നതിന് സംയുക്ത യോഗം ചേര്‍ന്നതായി സംസ്ഥാനങ്ങള്‍ കോടതിയെ അറിയിച്ചു. ചില വിഷയങ്ങളില്‍ പുരോഗതിയുണ്ടായിട്ടുണ്ട്. കേരളം തമിഴ്‌നാടിനും, തമിഴ്നാട് കേരളത്തിനും ശുപാര്‍ശ സംബന്ധിച്ച കുറിപ്പ് കൈമാറിയിട്ടുണ്ട്. ഈ കുറിപ്പുകള്‍ തങ്ങള്‍ പരിഗണിച്ച് വരുന്നതായി ഇരുസംസ്ഥാനങ്ങളുടെയും അഭിഭാഷകര്‍ അറിയിച്ചു. അന്തിമ ശുപാര്‍ശ വ്യാഴാഴ്ച കോടതിക്ക് കൈമാറാമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മറ്റന്നാളത്തേക്ക് മാറ്റിയത്.


0/Post a Comment/Comments