വാഹനങ്ങളുടെ രജിസ്ട്രേഷൻ-ഫിറ്റ്നസ് പുതുക്കൽ; കൈപൊള്ളും


തിരുവനന്തപുരം: വാഹനങ്ങളുടെ രജിസ്ട്രേഷൻ-ഫിറ്റ്നസ് പുതുക്കലിനുള്ള നിരക്കുകൾ ഏപ്രിൽ ഒന്നുമുതൽ കുത്തനെ കൂടും. കേന്ദ്ര വിജ്ഞാപനം സംസ്ഥാനത്തും പ്രാബല്യത്തിൽ വരുത്തുന്നത് സംബന്ധിച്ച് മോട്ടോർ വാഹനവകുപ്പ് ഉത്തരവിറക്കി.

ഇരുചക്ര വാഹനങ്ങൾക്ക് നിലവിൽ 300 രൂപയാണ് രജിസ്ട്രേഷൻ പുതുക്കൽ ഫീസെങ്കിൽ ഏപ്രിൽ ഒന്നുമുതൽ 1000 രൂപയാകും. കാറുകൾക്ക് 600 രൂപയിൽ നിന്ന് വർധന 5000 രൂപയിലേക്കാണ്. മാത്രമല്ല, രജിസ്ട്രേഷൻ പുതുക്കാൻ വൈകിയാലുള്ള പിഴ ഘടനയിലും വലിയ മാറ്റമാണുള്ളത്. നിലവിൽ രജിസ്ട്രേഷൻ പുതുക്കൽ കാലാവധി കഴിഞ്ഞ കാറുകൾക്കും ബൈക്കുകൾക്കും മൂന്നു മാസം വരെ 100 രൂപയും ആറു മാസം വരെ 200 രൂപയും ആറു മാസത്തിന് മുകളിൽ എത്ര കാലതാമസം നേരിട്ടാലും 300 രൂപയുമായിരുന്നു.

എന്നാൽ, ഇനി മുതൽ വൈകുന്ന ഓരോ മാസത്തിനും കാറുകൾക്ക് 500 രൂപ വീതമാണ് പിഴ. ഇരു ചക്രവാഹനങ്ങൾക്കാകട്ടെ, 300 രൂപ വീതം നൽകണം. ഫലത്തിൽ കാറിന് രജിസ്ട്രേഷൻ പുതുക്കാൻ ആറു മാസം വൈകിയാൽ പിഴ മാത്രം 3000 രൂപ നൽകണം. രജിസ്ട്രേഷൻ ഫീസാകട്ടെ, 5000 രൂപയും. ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കുമടക്കം നിരക്ക് വർധനയും പിഴയും ഇരുട്ടടിയാകും.

നിലവിൽ ഫിറ്റ്നസ് പുതുക്കാൻ വൈകുന്ന ഓരോ മാസത്തിനും ഓട്ടോറിക്ഷകൾക്ക് 100 രൂപയും കാറുകൾക്ക് 150 രൂപയും മറ്റ് വാഹനങ്ങൾക്ക് 200 രൂപയുമായിരുന്നു നിരക്ക്. എന്നാൽ, ഏപ്രിൽ ഒന്നുമുതൽ വൈകുന്ന ഓരോ ദിവസത്തിനും 50 രൂപ വീതം നൽകണം. 


0/Post a Comment/Comments