നൂറുമേനി കൊയ്ത് പെരളശ്ശേരി ഹരിത കർമ്മ സേന


അജൈവ മാലിന്യ ശേഖരണത്തിന് പുറമെ ആറേക്കറിൽ നെൽകൃഷിയിറക്കി വിളവെടുത്ത് ജില്ലക്ക്  മാതൃകയായി പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മ സേന. പഞ്ചായത്തിലെ മൂന്നാം പാലം വയലിലാണ് ഹരിത കർമ്മ സേനാംഗങ്ങൾ കൃഷിയിറക്കിയത്. കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. 

ഹരിത കേരളം മിഷൻ ജില്ലാ കോർ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ  മുഖ്യാതിഥിയായി.  കൊയ്ത്തു പാട്ട് പാടിക്കൊണ്ടാണ് ആവേശകരമായ കൊയ്ത്തുത്സവം നടന്നത്. അജൈവ മാലിന്യ ശേഖരണം കൂടാതെ മറ്റ് മേഖലകളിലേക്കും ഹരിത കർമ്മ സേനാ പ്രവർത്തനം വ്യാപിപ്പിക്കണമെന്ന പഞ്ചായത്തിന്റെ ഉറച്ച തീരുമാന പ്രകാരമാണ് നെൽകൃഷി പ്രാവർത്തികമായത്. 

നെൽകൃഷിക്ക് പുറമെ പച്ചക്കറിയും ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നു. ചടങ്ങിൽ പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വി ഷീബ അധ്യക്ഷയായി. കൊയ്ത നെല്ല് പെരളശ്ശേരി ബ്രാൻഡ് ആയി പുറത്തിറക്കാനാണ് പഞ്ചായത്ത് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ വി ഷീബ പറഞ്ഞു.

ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൻമാരായ കെ നാരായണൻ, വി കെ അഭിജാത്, വൈസ് പ്രസിഡന്റ് വി പ്രശാന്ത്, കെ കെ സുഗതൻ, എ.ശൈലജ, ബേബി ധന്യ, എ ടി ഭാരതി തുടങ്ങിയവർ സംസാരിച്ചു.


0/Post a Comment/Comments