ഇരിട്ടി പട്ടണം മുഴുവൻ ക്യാമറ കണ്ണിലേക്ക്




ഇരിട്ടി: ഇരിട്ടി പട്ടണം മുഴുവൻ പോലീസിന്റെ ക്യാമറകണ്ണിലേക്ക് മാറുന്നു. ഇതിന്റെ ഭാഗമായി ടൗണിലെ വിവിധ ഇടങ്ങളിലായി ഇരുപതോളം ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷൻ പരിധിയിലെ ടൗണുകളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിൻ്റെ ഭാഗമായാണ് ഇരിട്ടി പട്ടണത്തിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. ആദ്യദിവസം പതിനഞ്ചോളം കേസുകൾ രജിസ്റ്റർ ചെയ്തു.
ഇരിട്ടി നഗരത്തിലെ വിവിധ ഇടങ്ങളിലായി ഇരുപതോളം ക്യാമറകളാണ് പോലീസ് സ്ഥാപിച്ചത്. പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ്റ്റാൻഡ്, മേലെ സ്റ്റാൻഡ്, ഇരിട്ടി പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യഘട്ടം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്.
പഞ്ചേരിമുക്ക് ,തന്തോട്, മാടത്തിൽ തുടങ്ങിയ സ്ഥലങ്ങളിലും അടുത്തദിവസംതന്നെ ക്യാമറകൾ സ്ഥാപിക്കും.
ടൗണിലെ ക്യാമറയിലെ ദൃശ്യങ്ങൾ പോലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമിലേക്കാണ് എത്തിക്കുന്നത്. ഇവിടെ സ്റ്റോർ ചെയ്യപ്പെടുന്ന ദൃശ്യങ്ങൾ ആവശ്യാനുസരണം എടുക്കുവാനുള്ള സൗകര്യങ്ങളുമുണ്ട്. ക്യാമറകൾ നിരീക്ഷിക്കാനായി ഒരു പോലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ കണ്ടാൽ കൺട്രോൾ റൂമിൽ നിന്ന് ടൗണിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കും. ഇതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥർ എത്തി നിയമം ലംഘിക്കുന്നവരെ കണ്ടെത്തുകയും പിഴ ഈടാക്കുകയും ചെയ്യും. അതോടൊപ്പം തന്നെ മറ്റ് കുറ്റകൃത്യങ്ങളിലും നിരീക്ഷണ ക്യാമറകൾ വഴിത്തിരിവായി മാറും. വാഹനങ്ങളുടെ നമ്പർ ഉൾപ്പെടെ ലഭ്യമാകുന്ന തരത്തിലാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ആദ്യദിവസം വിവിധ നിയമലംഘനങ്ങളിലായി പതിനഞ്ചോളം കേസുകൾ രജിസ്റ്റർ ചെയ്തു. വാഹനങ്ങളുടെ അമിതവേഗത, നോ പാർക്കിംഗ് സ്ഥലത്ത് വാഹനങ്ങൾ നിർത്തിയിട്ടതും, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചതിനും, പൊതുസ്ഥലത്തെ പുകവലിച്ചതിനും ഉൾപ്പെടെ വിവിധ കേസുകളാണ് ആദ്യദിവസം രജിസ്റ്റർ ചെയ്തിട്ടുള്ളത്.

0/Post a Comment/Comments