തുണിയിൽ പൊതിഞ്ഞ പണവും സ്ക്രൂഡ്രൈവറുകളും ഉപേക്ഷിക്കപ്പെട്ട നിലയിൽ

 




ഇരിട്ടി: തുണിയിൽ പൊതിഞ്ഞ പണവും രണ്ട് സ്ക്രൂ ഡ്രൈവറുകളും ഒരു കുടയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നേരംപോക്ക് നരിക്കുണ്ടത്തെ പൂവളപ്പിൽ ഹോംസ്റ്റേ യുടെ മുറ്റത്താണ് ഇവ കണ്ടെത്തിയത്.
തിങ്കളാഴ്ച പുലർച്ചെ ഹോംസ്റ്റേയിലെ മുകൾ നിലയിൽ താമസിക്കുന്ന ഇരിട്ടിയിലെ കരിയർ ഗൈഡൻസ് സ്ഥാപനത്തിലെ വിദ്യാർത്ഥിനികളാണ് മുറ്റത്ത് ഉപേക്ഷിക്കപ്പെട്ടനിലയിൽ തുണിക്കെട്ടും കുടയും കാണുന്നത്. അടുത്തു ചെന്ന് പരിശോധിച്ചപ്പോൾ സമീപത്ത് രണ്ട് സ്ക്രൂ ഡ്രൈവറുകളും പത്തു രൂപയുടെ നോട്ടുകൾ പുറത്ത് ചിതറിക്കിടക്കുന്നതായും കണ്ടതോടെ ഉടനെ ഇവർ തന്നെ ഇരിട്ടി പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി പരിശോധിച്ചപ്പോഴാണ് തുണിക്കെട്ടിനകത്ത് കുറെ പത്ത് രൂപയുടെ നോട്ടുകളും ചില്ലറത്തുട്ടുകളുമാണെന്ന് കണ്ടെത്തിയത്. പരിശോധനക്ക് ശേഷം പോലീസ് ഇവ കസ്റ്റഡിയിലെടുത്തു. ഏതോ ഭണ്ഡാരം പൊളിച്ചെടുത്തതാവാം പണമെന്നാണ് കരുതുന്നത്. എന്നാൽ സമീപ പ്രദേശത്തെവിടെയും ഭണ്ഡാരമോഷണം നടന്നതായി റിപ്പോർട്ടുമില്ല. രാത്രിയിൽ 11 മണിയോടെ ഹോംസ്റ്റേയുടെ തൊട്ടയൽ വീട്ടിലെ നായകൾ ബഹളംവെക്കുന്നതു ശ്രദ്ധയിൽ പെട്ടതായി ഇവിടുത്തെ താമസക്കാരൻ പറഞ്ഞു. നായ പിന്നാലെ ഓടിയപ്പോൾ ഇവ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാവാം എന്നാണ് നിഗമനം. പോലീസ് അന്വേഷിച്ചു വരുന്നു.

0/Post a Comment/Comments