ആറളം ഫാമിൽ പട്ടയം നൽകിയ ഭൂമിയിൽ താമസിക്കാത്ത കുടുംബങ്ങളുടെ പട്ടയം തിരിച്ചു പിടിക്കാനുള്ള നടപടി തുടങ്ങി , റദ്ദാക്കുക 1929 പട്ടയങ്ങൾ




ഇരിട്ടി: ആറളം ഫാമിൽ പട്ടയം നൽകിയിട്ടും ഇതുവരെ താമസക്കാത്തവരുടെ ഭൂമി തിരിച്ചു പിടിക്കാനുള്ള നടപടിയുമായി ജില്ലാഭരണ കൂടം. ഇതുസംബന്ധിച്ച് പട്ടികജാതി പട്ടക വർഗ്ഗ വകുപ്പ് പ്രമോട്ടർമാരെ വെച്ച് നടത്തിയ സർവ്വെയിൽ കണ്ടെത്തിയ താമക്കാരല്ലാത്ത 1929 പട്ടയങ്ങൾ റദ്ദാക്കുന്നതിനായി റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ പുനർ പരിശോധന ആരംഭിച്ചു.
ഫാമിലെ ഏഴ് മുതൽ 13 വരെയുള്ള ബ്ലോക്കുകളിൽ പട്ടയം ലഭിച്ചിട്ടും താമസിക്കാത്തവരുടെ ഭൂമി ഏതെന്ന് നിർണ്ണയിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഇരിട്ടി താലൂക്ക് ഭൂരേഖാ വിഭാഗം തഹസിൽദാരോട് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇരിട്ടി തഹസിൽദാർ എം. ലക്ഷ്മണന്റെ നേതൃത്വത്തിൽ താലൂക്ക് സർവ്വെയർ ഉൾപ്പെട്ട സംഘം ഫാമിൽ പുനപരിശോധന തുടങ്ങി.
ഫാമിൽ ഭൂരഹിതരായ 3520 കുടുംബങ്ങൾക്കാണ് അഞ്ചു ഘട്ടങ്ങളിലായി ഒരേക്കർ ഭൂമിവീതം അനുവദിച്ചത്. ഇതിൽ 1300-ൽതാഴെ കുടുംബങ്ങൾ മാത്രമാണ് ഫാമിനുള്ളിൽ വീട് വെച്ച് കഴിയുന്നത്. 1650തോളം പേർക്ക് വീട് വെക്കാൻ പണം അനുവദിച്ചിട്ടുണ്ടെങ്കിലും വീട് വെച്ച 400ഓളം കുടുംബങ്ങൾ കാട്ടാന ഭീഷണി മൂലം വീട് ഉപേക്ഷിച്ച് പോവുകയയിരുന്നു. വയനാട് ജില്ലയിൽ നിന്നുള്ള 450 കുടുംബങ്ങൾക്കും പട്ടയം അനുവദിച്ചിരുന്നു. ഇതിൽ 50-ൽതാഴെ കുടുംബങ്ങൾ മാത്രമാണ് ഇപ്പോൾ ഫാമിൽ താമസിക്കുന്നത്. അനാഥമായിക്കിടക്കുന്ന ഇത്തരം ഭൂമി മുഴുവൻ കാടുമൂടിക്കിടക്കുകയാണ്. ഇവിടങ്ങളിലാണ് കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും അവരുടെ താവളമാക്കി മാറ്റിയിരിക്കുന്നത്.
ഇതുകൂടാതെ പുനരധിവാസ മേഖലയിൽ 225 കുടുംബങ്ങൾ ഭൂമി കൈയേറി കുടിൽ കെട്ടി താമസിക്കുന്നുണ്ട്. നേരത്തെ അനുവദിച്ച പട്ടയങ്ങൾ പരസ്പരം വെച്ച് മാറി വീട് വെച്ച് കഴിയുന്നവരും ഇവിടെ ഉണ്ട്. ഇത്തരം പട്ടയങ്ങൾ എല്ലാം നിയമ വിധേയമാക്കി നൽകുന്നതിനും റവന്യു വകുപ്പിന്റെ പുനർപരിശോധനകൊണ്ട് ലക്ഷ്യമിടുന്നുണ്ട്.
പുനരധിവാസ മേഖലയിൽ അടുത്ത ഘട്ട ഭൂമി വിതരണത്തിനായി കണ്ണൂർ, കാസർക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള ഭൂരഹിതരായ അദിവാസി കുടുംബങ്ങളിൽ നിന്നും അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. ഫാമിൽ താമസിക്കാത്തവരുടെ പട്ടയം റദ്ദാക്കി പുതിയ അപേക്ഷകർക്ക് നൽകാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി പട്ടയക്കാർക്ക് ഭൂമി തിരിച്ചു പിടിക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അനുവദിച്ച പട്ടയം റദ്ദാക്കിക്കൊണ്ടുള്ള നടപടി സ്വീകരിക്കുക.
പുനർപരിശോധനാ സംഘത്തിൽ തഹസിൽദാർക്ക് പുറമെ താലൂക്ക് ജൂനിയർ സൂപ്രണ്ട് പി.വി. ഷൈജ, താലൂക്ക് സർവ്വെയർ രവീന്ദ്രൻ കണ്ണോത്ത്, താലൂക്ക് ഹെഡ്ക്ലാർക്ക്മാരായ എൻ.എം. സുജീഷ്, ഇ.കെ. ദീപേഷ്, ഒ.ടി. പമോദ്, ആദിവാസി പുനരധിവാസ മിഷൻ സൈറ്റ് മാനേജർ ഷൈജു, പ്രമോട്ടർമാർ എന്നിവർപങ്കെടുത്തു.
ഒരേക്കർ ഭൂമിയുടെ പട്ടയം കൈയിലുണ്ടായിട്ടും ഫാമിൽ സ്ഥിരതാമസമാക്കാത്ത കുടുംബങ്ങളുടെ പട്ടയം റദ്ദാക്കുന്നതിനുള്ള പുനർ പരിശോധന ഉടൻ പൂർത്തിയാക്കുമെന്ന് ഇരിട്ടി താലൂക്ക് ഭൂരേഖാ വിഭാഗം തഹസിൽദാർ എം. ലക്ഷ്മണൻ പറഞ്ഞു.

0/Post a Comment/Comments