അനാവശ്യ ഫോൺവിളികളും മെസേജുകളും തടയാൻ ഒരുങ്ങി ട്രായ്
 ന്യൂഡൽഹി: അനാവശ്യ ഫോൺ വിളികളും സന്ദേശങ്ങളും തടയാൻ കർശന നടപടികളിലേക്ക് കടക്കാനൊരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്ററുകളിൽ നിന്നുള്ള സ്പാം സന്ദേശങ്ങളും കോളുകളും സംബന്ധിച്ച് വ്യാപകമായ പരാതികൾ ഉയർന്നതോടെയാണ് നടപടി.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ), മെഷീൻ ലേണിംഗ് ടെക്നോളജി, സ്പാം ഡിറ്റക്റ്റ് സിസ്റ്റം എന്നിവയുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്റർമാരിൽ നിന്നുള്ള അനാവശ്യ കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കുന്നതിനാണ് നടപടി. 

ഇവ സാമ്പത്തിക തട്ടിപ്പിലേക്ക് നയിക്കുന്നതിനാൽ തടയുന്നതിനായി ട്രായ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), ഉപഭോക്തൃകാര്യ മന്ത്രാലയം എന്നിവ സംയുക്തമായി കർമ്മ പദ്ധതി ആവിഷ്കരിക്കാൻ തീരുമാനമായി.

ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ‘ഡിസ്റ്റർബ്ഡ് ലെഡ്ജർ ടെക്നോളജി’ (ഡിഎൽടി) സംവിധാനം 2018 ലെ റെഗുലേഷൻ റൂളുകളുടെ ഭാഗമായി കർശനമാക്കും. എല്ലാ വാണിജ്യ സ്ഥാപനങ്ങളും ടെലിമാർക്കറ്റർമാരും ഡിഎൽടിയിൽ രജിസ്റ്റർ ചെയ്യുകയും ഫോൺ കോളുകളും മെസേജിംഗും നടത്താൻ ഉപഭോക്താവിന്‍റെ അനുമതി വാങ്ങുകയും വേണം. 

ഉപഭോക്താവിന് സൗകര്യപ്രദമായ ദിവസവും സമയവും നോക്കി മാത്രമേ സന്ദേശങ്ങൾ അയയ്ക്കുകയും ഫോൺ ചെയ്യുകയും ചെയ്യാവൂ. രണ്ടരലക്ഷം സ്ഥാപനങ്ങൾ ഡി.എൽ.ടി പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


0/Post a Comment/Comments