ഇരിട്ടി: കടുവാപ്പേടിയിൽ മൂന്ന് ദിവസമായി ഉറക്കം നഷ്ടപ്പെട്ട നിലയിലാണ് ഇരിട്ടിയോട് ചേർന്നുകിടക്കുന്ന രണ്ട് മലയോര പഞ്ചായത്തുകൾ. ആദ്യം കടുവയെക്കണ്ട ഉളിക്കൽ പഞ്ചായത്തും തിങ്കളാഴ്ച പുലർച്ചെ കടുവ കടന്നെത്തി എന്ന് കരുതുന്ന പായം പഞ്ചായത്തുമാണ് കടുവാപ്പേടിയിൽ ജനങളുടെ ഉറക്കം കെട്ട അവസ്ഥയിലേക്ക് മാറിയത്.
വെള്ളിയാഴ്ച രാത്രി 7 മണിയോടെ ആണ് കർണ്ണാടക വനമേഖലക്കടുത്ത ഉളിക്കൽ പഞ്ചായത്തിലെ മാട്ടറ പീടികക്കുന്നിൽ പുഴയരുകിൽ ഇവിടെ മത്സ്യം പിടിക്കാനെത്തിയ പ്രദേശവാസി കടുവയെ കാണുന്നത്. ജനങ്ങൾക്ക് ജാഗ്രത പാലിച്ചിരിക്കാൻ അധികൃതർ നിർദ്ദേശം നൽകിയെങ്കിലും അധികപേരും ഇത് കണക്കിലെടുത്തില്ല. എന്നാൽ ശനിയാഴ്ച പുലർച്ചെ ഓട്ടോറിക്ഷയിൽ ഉളിക്കലിലേക്കു വരികയായിരുന്നവർ റോഡുമുറിച്ചുകടന്ന് റബർതോട്ടത്തിലൂടെ പോകുന്ന കടുവയെ കണ്ടു എന്ന വർത്തകൂടി വന്നതോടെ മേഖലയിലെ ജങ്ങളാകെ ഭീതിയിലായി. കടുവയെ ആദ്യം കണ്ടു എന്ന് പറഞ്ഞ സ്ഥലത്തുനിന്നും അഞ്ചു കിലോമീറ്റർ ദൂരം മാറിയാണ് ഇതിനെ കണ്ടത്. ഉളിക്കൽ പോലീസും വനം വകുപ്പധികൃതരും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കടുവ വയത്തൂര് ഭാഗത്തേക്കാണ് പോയതെന്ന് നിഗമനത്തിൽ അധികൃതരും നാട്ടുകാരും തിരച്ചിൽ തുടർന്നു.
ഞായറാഴ്ച രാത്രിയോടെ വീണ്ടും കടുവ ഭീതിയുടെ വാർത്തകൾ എത്തിത്തുടങ്ങി. രാത്രി 8 മണിയോടെ ഉളിക്കൽ ടൗണിൽ നിന്നും ഏതാനും കിലോമീറ്റർ അകലെ കോക്കാട് - ഊരങ്കോട് ഭാഗത്തുനിന്നും പട്ടിയെ അജ്ഞാത ജീവി പിടിച്ചു കൊണ്ടുപോയതായി സംശയം ഉയർന്നു. പട്ടിയുടെ കരച്ചിലും വലിച്ചുകൊണ്ടുപോകുന്ന ശബ്ദവും കേട്ടു എന്നാണ് പ്രദേശവാസികൾ പോലീസിൽ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജിയും പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ ചോരപ്പാടുകൾ കണ്ടെത്തി. അതിനിടയിൽ പട്ടിയുടെ കരച്ചിൽ കേട്ട ഉടനെ പ്രദേശവാസി തന്റെ പട്ടിയെ അഴിച്ചുവിട്ടെങ്കിലും ശബ്ദം കേട്ട ഭാഗത്തേക്ക് പോയ പട്ടി ഭയത്തോടെ തിരിച്ചു വന്നതായും അറിയിച്ചു. എന്നാൽ പ്രദേശത്തെ വളർത്തുനായകളൊന്നും നഷ്ടപ്പെട്ടിട്ടില്ല. കുറുക്കനെ പോലുള്ള ജീവികളെ പിടിച്ചതാവാം എന്നും ഫോറസ്റ്റ് അധികൃതർ പറഞ്ഞു.
അകെ ഭീതിയിലായ ഉളിക്കൽ പ്രദേശത്തുകാർ ഉറക്കം നഷ്ടപ്പെട്ടിരിക്കവെയാണ് തിങ്കളാഴ്ച പുലർച്ചെ ഉളിക്കൽ പഞ്ചായത്തിന്റേയും പായം പഞ്ചായത്തിന്റെയും അതിർത്തിയിൽ കൂമൻതൊട്ടിൽ കടുവയെ കണ്ടതായി വിവരം ലഭിക്കുന്നത്. പുലർച്ചെ 5:30 ഓടെ ഉളിക്കൽ - പെരിങ്കിരി മലയോര ഹൈവേ റോഡിൽ കതുവാപറമ്പിൽ റോഡ് മുറിച്ചു കടന്ന് പോകുന്നത് കണ്ടതായി ഇറച്ചി വില്പനക്കാരനായ ബൈക്ക് യാത്രക്കാരൻ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പായം പഞ്ചായത്ത് അതിരു പങ്കിടുന്ന തോട്ടിൻ കരയിൽ രണ്ടിടങ്ങളിലായി വളരെ വ്യക്തമായി കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി. തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റർ പി. രതീശൻ, ശ്രീകണ്ഠാപുരം സെക്ഷൻ ഫോറസ്റ്റർ കെ. പി. വിജയനാഥ്, ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ കെ. ജിജില് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം കാൽപ്പാടുകൾ പരിശോധിക്കുകയും ഫൂട്ട ശേഖരിച്ച് വിദഗ്ധരുമായി പങ്കുവെച്ചശേഷം ഇത് കടുവത്തന്നെയാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു.
തോട് കടന്ന് പായം പഞ്ചായത്തിലെ വിലമന റോഡിന്റെ മുകൾ ഭാഗത്തെ റബ്ബർ തോട്ടത്തിലേക്ക് കടുവ കടന്നതായാണ് സംശയിക്കുന്നത്. മൈക്ക് അനൗൺസ് മെന്റിലൂടെ മേഖലയിലെ ജനങ്ങൾക്ക് പഞ്ചായത്തധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി വരികയാണ്.
Post a Comment