കണ്ണൂരിൽ ഹരിത ക്രിസ്തുമസ്




കണ്ണൂർ: പ്ലാസ്റ്റിക് മുക്ത കണ്ണൂരിന്റെ ഭാഗമായി ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ ഹരിത ചട്ടങ്ങൾ പാലിച്ച് നടത്താൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന സഭാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.


ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക്, ഡിസ്പോസിബിൾ വസ്തുക്കൾ ആഘോഷങ്ങളിലും ഘോഷയാത്ര യാത്രയിയിലും ഉപയോഗിക്കില്ല. പുൽക്കൂടുകൾ പ്രകൃതി സൗഹൃദ വസ്തുക്കളാൽ നിർമ്മിക്കും. വീടുകളും ആരാധനാലയങ്ങളും മുൻകുട്ടി ശുചീകരിക്കും. പേപ്പർ ഗ്ലാസ് ഉപയോഗിക്കില്ല. ഇടവക പരിധിയിലെ വീടുകളിൽ മാലിന്യങ്ങൾ തീയിടുന്നത് ഒഴിവാക്കും. 


അജൈവ മാലിന്യം ഹരിത കർമ്മ സേനയ്ക്ക് കൈമാറും. സേനയ്ക്കുള്ള യൂസർ ഫീ ഉറപ്പ് വരുത്തും. ഹരിത രീതിയിൽ ക്രിസ്തുമസ് ആഘോഷിച്ച വീടുകൾക്ക് സമ്മാനങ്ങൾ ഏർപ്പെടുത്തും. 


ക്രിസ്തുമസിന് ഹരിത പെരുമാറ്റ ചട്ടങ്ങൾ പാലിക്കേണ്ടത് സംബന്ധിച്ച് പള്ളികളിൽ സന്ദേശം വായിക്കണമെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. കുർബാനയ്ക്കു മുൻപേ സന്ദേശം നൽകാമെന്ന് സഭാ പ്രതിനിധികൾ ഉറപ്പ് നൽകി. ഹരിത ചട്ടങ്ങൾ സംബന്ധിച്ച സന്ദേശം തയ്യറാക്കി  ബിഷപ്പിനു നൽകാൻ ഹരിത കേരള മിഷനെ ചുമതലപ്പെടുത്തി. 


ബിഷപ്പ് പള്ളിവികാരികൾക്ക് സന്ദേശം കൈമാറും. യോഗത്തിൽ കണ്ണൂർ രൂപത വികാരി ജനറൽ ക്ലാരൻസ് പാലിയത്ത്, തലശേരി ആർച്ച് ബിഷപ് പ്രതിനിധി ഫാ. മാത്യു ആശാരിപറമ്പിൽ, സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്  ട്രസ്റ്റി പി ടി ബാബു., ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ പി സോമശേഖരൻ എന്നിവർ പങ്കെടുത്തു.


0/Post a Comment/Comments