തിരുവനന്തപുരം: സർക്കാർ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് ഊന്നൽ കൊടുക്കുകയും പാഠപുസ്തകത്തിന് പകരം ലാപ്ടോപ്പ് എത്തുകയും ഒക്കെ ചെയ്തിട്ടും അധ്യാപകരുടെ അധ്യാപന രീതിയിലും മറ്റും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അധ്യാപന ശേഷി വളർത്തുന്നതിനായി സമഗ്രമാറ്റം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ്, സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ പുതിയതായി നിയമിക്കപ്പെടുന്ന അധ്യാപകർക്ക് ഇനിമുതൽ എസ്.സി.ആർ ടി യുടെ പരിശീലനം നൽകിത്തുടങ്ങും. ഇതിനുവേണ്ടി ‘നവാധ്യാപക പരിവർത്തന പരിപാടി’ എന്ന പേരിൽ ഒരു പദ്ധതി തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.
ഇതിന്റെ തുടർച്ച യെന്നോണം അധ്യാപക പരിശീലനത്തിന്റെ സർട്ടിഫിക്കട്ടുണ്ടെങ്കിലേ സ്ഥാനക്കയറ്റം നൽകുകയുള്ളൂ എന്ന സ്ഥിതി വരും. നിലവിൽ കോളേജ് അധ്യാപകർക്കാണ് ഈ വ്യവസ്ഥയുള്ളത്.
വരുംദിനങ്ങളിൽ ഇത് സ്കൂൾ അധ്യാപകർക്കും ബാധകമാക്കാനുള്ള ആലോചനയിലാണ് സർക്കാർ. നവ അധ്യാപക പരിശീലനത്തിന്റെ ആദ്യഘട്ടം ചൊവ്വാഴ്ചയാണ് തുടങ്ങുന്നത്. 2019 ജൂൺ ഒന്നിന് ശേഷം സർവീസിൽ പ്രവേശിച്ച ഹൈസ്കൂൾ അധ്യാപകർക്കാണ്തുടക്കത്തിൽ പരിശീലനം നൽകുന്നത്. ഓരോ ജില്ലയിലും ഓരോ വിഷയത്തിൽ നടത്തുന്ന പരിശീലനത്തിന് ശേഷം എസ്.സി.ആർ.ടി സർട്ടിഫിക്കറ്റും നൽകും. അധ്യാപകർ ആറ് ദിവസം താമസിച്ചുകൊണ്ട് പരിശീലനം നേടുന്ന രീതിയാണ് തയ്യാറാക്കിയിട്ടുള്ളത് .
പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പാകത്തിന് ആശയപരമായ സാങ്കേതികപരമായും അധ്യാപകരെ വളർത്തിക്കൊണ്ടു വരുന്നതാണ് ഈ പദ്ധതി. തുടർന്ന് രണ്ടോ മൂന്നോ ദിവസത്തെ വേനൽക്കാല പരിശീലനവും ഉണ്ടാവും.
Post a Comment