മലയോരത്ത് ജനവാസ മേഖലയിൽ ഇറങ്ങിയത് കടുവ തന്നെ




ഇരിട്ടി : ഉളിക്കൽ പഞ്ചായത്തിലെ വിവിധ ജനവാസ കേന്ദ്രങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ആശങ്ക ഉയർത്തിയ അജ്ഞാത ജീവി കടുവയാണെന്ന് സ്ഥിരീകരിച്ചു. സമീപ പഞ്ചായത്തായ പായത്തെ വിളമനയിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേത് തന്നെയെന്ന് തളിപ്പറമ്പ് റേഞ്ചർ പി. രതീഷിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം ആണ് സ്ഥിരീകരിച്ചത് ഇതോടെ രണ്ട് പഞ്ചായത്തിൽ അതിടുന്ന 8 വാർഡുകളിൽ പൊതുജനങ്ങൾക്ക് അതീവ ജാഗ്രത നിർദേശം നൽകി. ഈ മേഖലയിൽ ജനങ്ങൾ ഒറ്റയ്ക്ക് സഞ്ചരിക്കാൻ പാടില്ല. നാല് ചക്ര വാഹനത്തിലുള്ള യാത്രയാണ് ഉചിതം. രാവിലെ ആരാധനാലയങ്ങളിൽ പോകുന്നവർ, ക്ഷീരകർഷകർ, ടാപ്പിംഗ് തൊഴിലാളികൾ, പത്ര വിതരണക്കാർ, പ്രഭാത സവാരിക്കാർ എന്നിവർ ഉൾപ്പെടെയുള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും കൂട്ടമായി ആളുകൾ പോകുന്നതാണ് സുരക്ഷിതം എന്നും അധികൃതർ പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ 5:30 ഓടെ ഉളിക്കൽ - പെരിങ്കിരി മലയോര ഹൈവേ റോഡിൽ കതുവാപറമ്പിൽ റോഡ് മുറിച്ചു കടന്ന് പോകുന്നത് കണ്ടതായി ഇറച്ചി വില്പനക്കാരനായ ബൈക്ക് യാത്രക്കാരൻ അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പായം പഞ്ചായത്ത് അതിരു പങ്കിടുന്ന തോട്ടിൻ കരയിൽ രണ്ടിടങ്ങളിലായി വളരെ വ്യക്തമായി കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.
ഇതിന് പിന്നാലെ കൂമന്തോട് - മാടത്തിൽ റോഡിന്റെ മുകൾവശത്തുള്ള റബ്ബർ തോട്ടത്തിൽ ഇരയെ പിടിച്ച നിലയിലുള്ള കുറുക്കന്മാരുടെ കരച്ചിലും ടാപ്പിംങിനായി എത്തിയവർ കേട്ടതായും പറയുന്നു. ഇതോടെ തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെ ഈ മേഖലയിലുള്ളവർ പണി നിർത്തി. ഇരട്ടി സി ഐ കെ. ജെ ബിനോയ്, ഉളിക്കൽ സിഐ സുധീർ കല്ലൻ, തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റർ പി. രതീശൻ, ഇരിട്ടി സെക്ഷൻ ഫോറസ്റ്റർ കെ. ജിജില്, ശ്രീകണ്ഠാപുരം സെക്ഷൻ ഫോറസ്റ്റർ കെ. പി. വിജയനാഥ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും വനപാലകസംഘവും, ഇരിട്ടിയിൽ നിന്നുള്ള അഗ്നിശമനസേനാ വിഭാഗവും സ്ഥലത്തെത്തി. ഉളിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി.സി. ഷാജി, വൈസ് പ്രസിഡണ്ട് ആയിഷ ഇബ്രാഹിം, അംഗങ്ങളായ ടോമി ജോസഫ്, സുജ ആഷി, പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. വിനോദ് കുമാർ, സ്ഥിരം സമിതി അധ്യക്ഷരായ വി. പ്രമീള, പി. എൻ. ജെസി, വാർഡ് മെമ്പർ ബിജു കോങ്ങോടൻ, മുൻ വൈസ് പ്രസിഡൻറ് കെ. ബാലകൃഷ്ണൻ, സ്മിതാ രജിത്ത് എന്നിവരും സ്ഥലത്തെത്തി.
തോട്ടിൽ 2 ഭാഗങ്ങളായി കണ്ട കാൽപാദം അടയാളം അളന്നു നോക്കി ഫോട്ടോ ശേഖരിച്ച് ഈ രംഗത്തെ വിദഗ്ധരോട് ആരാഞ്ഞ ശേഷമാണ് ഇത് കടുവയുടെതെന്ന് സ്ഥിരീകരിച്ചത്. പ്രദേശത്തെ ഇന്ന് തന്നെ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും രണ്ടുദിവസം കാത്തിരുന്ന ശേഷം കൂട് ഉൾപ്പെടെ സ്ഥാപിക്കുന്ന തുടർനടപടികൾ സ്വീകരിക്കുമെന്നും , വനം വകുപ്പ് നൽകിയ ജാഗ്രത നിർദേശം എല്ലാവരും പാലിക്കുമെന്നും ഇത് ഉറപ്പാക്കും എന്നും പോലീസും ജനപ്രതികളും അറിയിച്ചു

0/Post a Comment/Comments