കണ്ണൂർ: ബഫര്‍ സോണുമായി ബന്ധപ്പെട്ട ജനവാസ കേന്ദ്രങ്ങളിലുള്ളവര്‍ക്ക് പീഡയനുഭവിക്കാതെ സ്വൈര ജീവിതം തുടരാന്‍ കഴിയണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ബഫര്‍ സോണിന്റെ പേരില്‍ വിവേചനമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡിസംബര്‍ 18 മുതല്‍ 21 വരെ നടത്തുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ബഫര്‍ സോണ്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ ഉത്തരവ് എങ്ങിനെ ബാധിക്കുമെന്നത് ജനതാല്‍പര്യം മുന്‍നിര്‍ത്തി കോടതിയില്‍ പറയാനും കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്താനും സര്‍ക്കാര്‍ തയ്യാറായി. നേരത്തെ കോടതി ഉത്തരവിന്റെ ഭാഗമായി ഒരു റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ടായിരുന്നു. അത് വേഗത്തിലാക്കാനാണ് ഉപഗ്രഹ സര്‍വെ നടത്തിയത്. സദുദ്ദേശം മാത്രമാണതിന് പിന്നില്‍
ഉപഗ്രഹ സര്‍വെയില്‍ എല്ലാ കാര്യങ്ങളും ഉള്‍പ്പെട്ടിട്ടില്ല എന്ന ബോധ്യത്തെത്തുടര്‍ന്ന് സര്‍വെ ഫലം അന്തിമ രേഖയില്ലെന്ന നിലപാടെടുത്തു.
പ്രാദേശിക പ്രത്യേകതകള്‍ പഠിക്കാന്‍ ജസ്റ്റിസ് തോട്ടത്തില്‍ അധിപനായി വിദഗ്ധ സമിതിയെ നിയോഗിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിവരങ്ങള്‍ വാര്‍ഡടിസ്ഥാനത്തില്‍ രേഖപ്പെടുത്താന്‍ അവസരം നല്‍കി. ഇങ്ങനെ റിപ്പോര്‍ട്ട് കുറ്റമറ്റതാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇതൊന്നുമല്ല നടക്കുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. വ്യക്തമായ ഉദ്ദേശങ്ങളാണതിന് പിന്നില്‍. ഇത് തിരിച്ചറിയാന്‍ കഴിയണം. നാടിന്റേയും ജനങ്ങളുടെയു താല്‍പര്യം സംരക്ഷിക്കാന്‍ എല്ലാവരുടേയും പിന്തുണ വേണം മുഖ്യമന്ത്രി പറഞ്ഞു.
മയക്ക് മരുന്നിനെതിരെയും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള ചാലകശക്തിയാവാന്‍ കേരളോല്‍സവം പോലുള്ള യുവജനമേളകള്‍ക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കണ്ണൂര്‍ നഗരത്തിലെ പൊലീസ് മൈതാനി, മുനിസിപ്പല്‍ സ്‌കൂള്‍, ദിനേശ് ഓഡിറ്റോറിയം, ജവഹര്‍ ലൈബ്രറിയിലെ രണ്ടു വേദികള്‍, കോളേജ് ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച ആറു വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക. 59 ഇനം കലാമത്സരങ്ങളിലായി വിവിധ ജില്ലകളില്‍ നിന്നുള്ള 3500ല്‍ പരം മത്സരാര്‍ഥികള്‍ പങ്കെടുക്കും. വ്യക്തിഗതമായും ക്ലബ് തലത്തിലുമാണ് മത്സരം. ഏറ്റവും മികച്ച ജില്ലയ്ക്ക് എവര്‍ റോളിംഗ് ട്രോഫി സമ്മാനിക്കും. ഏറ്റവും മികച്ച ക്ലബിനും പുരസ്‌കാരം നല്‍കും. കലാതിലകം, കലാപ്രതിഭ എന്നിവര്‍ക്ക് 10,000 രൂപയുടെ പുരസ്‌കാരം നല്‍കും. 21ന് സമാപന സമ്മേളനം സാഹിത്യകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. അന്ന് വൈകീട്ട് അഞ്ച് മണിക്ക് സിതാര കൃഷ്ണകുമാര്‍ നയിക്കുന്ന സംഗീതവിരുന്നും ഉണ്ടാകും.
പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് കേരളോത്സവം നടത്തുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാപരിപാടികള്‍, ഫുട്ബോള്‍ ടോക്ക്, ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം എന്നിവയും നടന്നു.
രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മുഖ്യാതിഥിയായി. എം എല്‍ എമാരായ കെ പി മോഹനന്‍, കെ വി സുമേഷ്, എം വിജിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ.ബിനോയ് കുര്യന്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ്, അംഗങ്ങളായ വി കെ സനോജ്, സന്തോഷ് കാല, എം പി ഷെനിന്‍, , പി എം ഷബീര്‍ അലി, എസ് ദീപു, ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി വി ഡി പ്രസന്ന കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Post a Comment