ഇടുക്കിയിലെ തൊടുപുഴയിൽ കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഡോക്ടറെ വിജിലൻസ് പിടികൂടി. തൊടുപുഴ ജില്ല ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജിനെയാണ് അറസ്റ്റ് ചെയ്തത്. വഴിത്തല സ്വദേശിയുടെ ഗർഭപാത്രം നീക്കുന്നതിനുള്ള ഓപ്പറേഷനും അനുബന്ധ ചികിത്സകൾക്കുമായാണ് ഡോക്ടർ മായ രാജ് കൈക്കൂലി വാങ്ങിയത്. 16 ന് വൈകുന്നേരം പരാതിക്കാരൻറെ ഭാര്യ ഡോക്ടറുടെ പാലക്കുഴയിലെ വീട്ടിൽ കൺസൾട്ടേഷനായി എത്തി. ഈ ദിവസം ഓപ്പറേഷൻ നടത്തുന്നതിനുള്ള ഫീസിൻറെ ആദ്യ ഗഡുവെന്ന പേരിൽ അഞ്ഞൂറ് രൂപ മായ രാജ് കൈപ്പറ്റി.
19 ന് ജില്ലാ ആശുപത്രിയിൽ വച്ച് മായ രാജ് ഇവരുടെ ശസ്ത്രക്രിയ നടത്തി. പിന്നാലെ അടുത്ത ദിവസം ഡോക്ടറുടെ വീട്ടിലെത്തി കാണണമെന്ന് ഭർത്താവിനോട് നിർദ്ദേശിച്ചു. ഈ സമയം ബാക്കി തുകയായ അയ്യായിരം രൂപ നൽകണമെന്നും മായ ആവശ്യപ്പെട്ടു. കയ്യിൽ ഇപ്പോൾ പണമില്ലെന്നും നാളെ എത്തിക്കാമെന്നും പറഞ്ഞ പരാതിക്കാരന്‍ വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. വിജിലൻസ് നൽകിയ നോട്ടുകൾ ഡോക്ടുടെ വീട്ടിലെ കൺസൽട്ടിംഗ് റൂമിൽ വച്ച് വാങ്ങുമ്പോഴാണ് മായ പിടിയിലായത്. വീട്ടിൽ വിജിലൻസ് സംഘം പരിശോധനയും നടത്തി.
അറസ്റ്റിലായ മായ രാജിനെ നാളെ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇവർ പലരിൽ നിന്നും മുമ്പ് ഇത്തരത്തിൽ കൈക്കൂലി വാങ്ങിയതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. നേരത്തെ ഇടുക്കി കുമളിയിൽ അയ്യപ്പഭക്തന്മാരിൽ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വേഷം മാറിയെത്തിയ വിജിലൻസ് സംഘം പിടികൂടിയിരുന്നു. വിജിലൻസ് എത്തുമ്പോൾ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മദ്യപിച്ചായിരുന്നു ഓഫീസിൽ ഉണ്ടായിരുന്നത്. കൈക്കൂലിയുമായി പിടിയിലായ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന അയ്യപ്പഭക്തന്മാരിൽ നിന്നും പെർമിറ്റ് സീൽ ചെയ്യാൻ കുമളി ചെക്പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നു എന്നായിരുന്നു വിജിലന്‍സിന് ലഭിച്ച പരാതി.
Post a Comment