കോഴിക്കോട്: ലിംഗ സമത്വ ക്യാമ്ബയിന്റെ ഭാഗമായി സി.ഡി.എസ് അംഗങ്ങള്‍ക്ക് ചൊല്ലാന്‍ വേണ്ടി തയ്യാറാക്കിയ ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ചെന്ന വാര്‍ത്ത കുടുംബശ്രീ ഡയറക്ടര്‍ തള്ളി.
ലിംഗ സമത്വ പ്രതിജ്ഞ പിന്‍വലിച്ചിട്ടില്ലെന്ന് ഡയറക്ടര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ 'നയി ചേതന ' എന്ന പേരില്‍ നടത്തുന്ന ദേശീയ ക്യാമ്ബയിന്റെ ഭാഗമായി നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23വരെ ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയല്‍ക്കൂട്ടതലം വരെ വിവിധ പരിപാടികള്‍ നടത്തിവരുന്നതായി പ്രസ്താവനയില്‍ പറയുന്നു.
ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍, അതിക്രമങ്ങളെ തിരിച്ചറിയുക, അതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുക, അതിക്രമങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് നാലാഴ്ച നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്വം വളര്‍ത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുക എന്നതാണ് ഈ കാമ്ബെയിനിന്റെ ലക്ഷ്യം. കേരളത്തില്‍ ഈ പരിപാടിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.
നയി ചേതന ജന്‍ഡര്‍ ക്യാമ്ബയിന്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ പിന്‍വലിച്ചു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. കുടുംബശ്രീ പ്രതിജ്ഞ പിന്‍വലിച്ചിട്ടില്ല എന്ന് ഡയറക്ടര്‍ വിശദീകരിച്ചു.
ലിംഗസമത്വ പ്രതിജ്ഞ ചില മുസ്ലിം സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
Post a Comment