തളിപ്പറമ്പിൽ സ്ത്രീകൾക്കായി സുരക്ഷിത കേന്ദ്രം




തളിപ്പറമ്പിലെത്തുന്ന സ്ത്രീകൾക്കായി ബ്ലോക്ക് പഞ്ചായത്ത് നിർമിക്കുന്ന സുരക്ഷിത കേന്ദ്രം ഷീ ലോഡ്ജിന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ തറക്കല്ലിട്ടു. മലയോര മേഖലകളിൽ നിന്നടക്കം തളിപ്പറമ്പിലെത്തുന്ന വനിത ജീവനക്കാർക്കും ഉദ്യോഗാർഥികൾക്കുമെല്ലാം ഈ കേന്ദ്രം തുണയാകും. വാഹനസൗകര്യം ഇല്ലാത്ത സാഹചര്യങ്ങളിലും ദൂരനാടുകളിൽ നിന്നും ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റും എത്തുന്ന വനിതകൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. 


തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നര കോടി രൂപ ചെലവിലാണ് നിർമാണം. വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് വിഹിതം 53 ലക്ഷം രൂപയും ഒമ്പത് ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായി മൂന്ന് ലക്ഷം രൂപ വീതവും ജില്ലാപഞ്ചായത്തിന്റെ 25 ലക്ഷം രൂപയും ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്. 


കരിമ്പത്ത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിലാണ് ലോഡ്ജ് നിർമിക്കുക. 3200 ചതുരശ്ര അടിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ ശുചിമുറി അടക്കമുള്ള മുറികൾ, ഡോർമെറ്ററി, അടുക്കള, റിസപ്ഷൻ, വായനമുറി, ഡൈനിംഗ് സൗകര്യങ്ങൾ എന്നിവ ഒരുക്കും. ഒന്നര വർഷം കൊണ്ട് ഷീ ലോഡ്ജിന്റെ പണി പൂർത്തിയാക്കാനാണ് ലക്ഷ്യം. 


കുടുംബശ്രീക്കായിരിക്കും നടത്തിപ്പ് ചുമതല.

സർക്കാരിന്റെ 2022-23 വാർഷിക ബജറ്റിൽ ഉൾപ്പെടുത്തി ഗ്രാമ വികസന വകുപ്പ് മുഖേന നിർമിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് അനക്‌സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും എംഎൽഎ നിർവഹിച്ചു. 60 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. 110 ചതുരശ്ര മീറ്റർ വീതമുള്ള രണ്ട് നിലകളായാണ് ഓഫീസ് കെട്ടിടം പണിയുന്നത്.


ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സി. എഞ്ചിനീയർ  കെ എം ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രേമലത, പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി പി മോഹനൻ, വി എം സീന, പി ശ്രീമതി, ടി ഷീബ, ടി സുലജ, ബേബി ഓടംപള്ളി, ജോജി മാത്യു കന്നിക്കാട്ട്, കെ എസ് ചന്ദ്രശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആനക്കീൽ ചന്ദ്രൻ, പി എം മോഹനൻ, സി ഐ വത്സല ടീച്ചർ, ബ്ലോക്ക് സെക്രട്ടറി കെ വി പ്രസീത തുടങ്ങിയവർ സംബന്ധിച്ചു

0/Post a Comment/Comments