കോവിഡ്: കണ്ണൂർ ജില്ലയിൽ മുൻകരുതൽ




കണ്ണൂർ ∙ ഒമിക്രോൺ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചിതിന്റെ പശ്ചാത്തലത്തിൽ ജില്ലയിലും മുൻകരുതൽ നടപടികൾ തുടങ്ങി. വിമാനത്താവളത്തിൽ പരിശോധനകൾ തുടങ്ങുന്ന കാര്യത്തിൽ തീരുമാനം വൈകാതെയുണ്ടാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.നാരായണ നായ്ക് പറഞ്ഞു. ക്രിസ്മസ്–പുതുവത്സര ആഘോഷം ഉൾപ്പെടെ ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണോ എന്ന കാര്യം അടുത്ത ദിവസം ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനിക്കുമെന്നും ഡിഎംഒ പറഞ്ഞു.

കോവാക്സിൻ കരുതൽ ഡോസ് എടുക്കാൻ ജില്ലയിലെ 109 സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഡപ്യൂട്ടി ഡിഎംഒ ഡോ. ബി.സന്തോഷ് പറഞ്ഞു. പരിമിതമായ ഡോസുകളാണ് ഓരോ കേന്ദ്രത്തിലും ബാക്കിയുള്ളത്. കരുതൽ ഡോസ് എടുക്കാനുള്ളവർ 30നകം ഈ സൗകര്യം പ്രയോജനപ്പെടുത്തണം. കോവിഷീൽഡ് ഉൾപ്പെടെ മറ്റു വാക്സീനുകളൊന്നും നിലവിൽ സർക്കാർ ആശുപത്രികളിൽ സ്റ്റോക്ക് ഇല്ല. 

കോവിഡിന്റെ മൂന്നാം തരംഗം അവസാനിച്ച ശേഷം നിയന്ത്രണങ്ങൾ നീക്കിയതോടെ കരുതൽ ഡോസ് എടുക്കാൻ ആളുകൾ താൽപര്യപ്പെടുന്നുണ്ടായിരുന്നില്ല. ഇതോടെയാണ് മരുന്ന് സ്റ്റോക്ക് ചെയ്യുന്നത് സർക്കാർ അവസാനിപ്പിച്ചത്.

0/Post a Comment/Comments