കുടകിൽ വഴക്കിനൊടുവിൽ ഭാര്യ ഭർത്താവിനെ തലക്കടിച്ചുവീഴ്ത്തി കൊലപ്പെടുത്തി




വീരാജ്പേട്ട : മദ്യപിച്ചുണ്ടായ ബഹളത്തിനൊടുവിൽ ഭാര്യ ഭർത്താവിനെ തലക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്തി. വീരാജ്പേട്ട താലൂക്കിലെ കക്കോട്ടുപറമ്പ് ഗ്രാമ പഞ്ചായത്തിലെ ബൊല്ലുമാട് വില്ലേജിലെ താമസക്കാരനായ എച്ച്.ബി. സുന്ദര (48)യെയാണ് ഭാര്യ ശോഭ കൊലപ്പെടുത്തിയത്.
12 വർഷത്തോളമായി ഇവിടുത്തെ ഒരു കാപ്പിത്തോട്ടത്തിലെ തൊഴിലാളിയായ സുന്ദരൻ വീട്ടിൽ മദ്യപിച്ചു ബഹളമുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു. വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ സുന്ദരനും ഭാര്യയുമായുണ്ടായ ബഹളം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ബഹളത്തിനിടെ ഭാര്യ ശോഭ വീടിന്റെ പുറകുവശത്തുണ്ടായിരുന്ന മരത്തടികൊണ്ട് സുന്ദരന്റെ തലക്കടിച്ചു. നിലത്തുവീണ ഭർത്താവിനെ ഷാൾ ഉപയോഗിച്ച് കഴുത്തുമുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീരാജ്പേട്ട പോലീസ് കൊലപാതകത്തിന് കേസെടുത്ത് ശോഭയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0/Post a Comment/Comments