വിഴിഞ്ഞം മത്സ്യത്തൊഴിലാളികള്‍ക്ക് വാടക ഇനത്തിൽ 1500 രൂപ നൽകാൻ സഭതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്‍റെ ഭാഗമായിരുന്ന ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് വീട്ടുവാടകയിനത്തില്‍ പ്രതിമാസ സഹായം നൽകാൻ ലത്തീൻ അതിരൂപത. സർക്കാർ നൽകുന്ന 5,500 രൂപയ്ക്ക് പുറമേ 1,500 രൂപ ലത്തീൻ അതിരൂപത നൽകും.

140 ദിവസം നീണ്ട വിഴിഞ്ഞം സമരം അവസാനിച്ചിട്ട് ഒരു മാസമായി. ക്യാമ്പുകളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് വാടക വീട്ടിലേക്ക് മാറാൻ മാന്യമായ വാടക തുക വേണമെന്നായിരുന്നു സമരത്തിന്‍റെ പ്രധാന ആവശ്യങ്ങളിലൊന്ന്. 8,000 രൂപ നൽകണമെന്ന് സമരസമിതി നിർബന്ധിച്ചെങ്കിലും സർക്കാർ വഴങ്ങിയില്ല. ഇത് 5500 ആയി കുറച്ചു. അദാനി ഗ്രൂപ്പിന്‍റെ സിഎസ്ആർ ഫണ്ടിൽ നിന്ന് ബാക്കി തുക ലഭ്യമാക്കാമെന്ന ഓഫറും സമരസമിതി തള്ളി. ഇപ്പോൾ ലത്തീൻ സഭ തന്നെ 1,500 രൂപ കൂടി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. 120 കുടുംബങ്ങൾക്ക് പുതിയ വീട്ടിലേക്ക് താമസം മാറുന്നതുവരെ ഈ തുക ഗുണം ചെയ്യും.

സമരം അവസാനിപ്പിക്കുന്നതിനു നല്‍കിയ വാഗ്ദാനങ്ങളില്‍ തുടര്‍ നടപടികളുണ്ടാകുന്നതില്‍ സംതൃപ്തിയിലാണ് സമരനേതൃത്വം. ഫ്ളാറ്റ് നിർമ്മാണത്തിനായി 81 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മുതലപ്പൊഴി ഹാർബറിലെ പ്രശ്നങ്ങൾ പഠിക്കുന്ന സമിതി സ്ഥലം സന്ദർശിച്ചു. തീരശോഷണത്തെക്കുറിച്ചുള്ള പഠനവും പുരോഗമിക്കുകയാണ്. അതേസമയം, നൂറുകണക്കിന് കേസുകളിലെ തുടർനടപടിയിൽ ലത്തീൻ സഭയ്ക്ക് അമർഷമുണ്ട്.

0/Post a Comment/Comments