ന്യൂഡല്‍ഹി: സായുധസേനകളിലെ അര്‍ഹരായ എല്ലാവര്‍ക്കും വണ്‍ റാങ്ക്-വണ്‍ പെന്‍ഷന്‍ (ഒആര്‍ഒപി) പ്രകാരമുള്ള കുടിശ്ശിക വിതരണം ചെയ്യാന്‍ കേന്ദ്രത്തിനു മാര്‍ച്ച് 15 വരെ സുപ്രീം കോടതി സമയം നല്‍കി.
ഒആര്‍ഒപി പ്രകാരമുള്ള എല്ലാ കുടിശ്ശികകളും വേഗത്തില്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിനു നിര്‍ദേശം നല്‍കി.
ഒആര്‍ഒപി പ്രകാരം, ഒരേ റാങ്കില്‍ വിരമിക്കുന്ന ഒരേ വര്‍ഷത്തെ സര്‍വിസുള്ള സൈനിക ഉദ്യോഗസ്ഥര്‍ക്കു തുല്യ പെന്‍ഷന്‍ ലഭിക്കണം. ഒആര്‍ഒപി കുടിശ്ശിക നല്‍കുന്നതില്‍ കേന്ദ്രത്തിന്റെ ഏതെങ്കിലും നടപടിയില്‍ പ്രയാസമുണ്ടെങ്കില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ എക്‌സ് സര്‍വിസ്‌മെന്‍ അസോസിയേഷന് സുപ്രീം കോടതി അനുവാദം നല്‍കി.
25 ലക്ഷം പെന്‍ഷന്‍കാരുണ്ടെന്നു കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. കണക്കുകൂട്ടല്‍ നടപടികള്‍ പൂര്‍ത്തിയായതായും അന്തിമ പരിശോധനയ്ക്കു പ്രതിരോധ മന്ത്രാലയത്തിന് അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒആര്‍ഒപി പ്രകാരം നല്‍കുന്ന പെന്‍ഷനുകളിലെ വര്‍ധനയ്ക്കു ഡിസംബറില്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. 8,450 കോടി രൂപയുടെ വാര്‍ഷിക അധിക ചെലവിനും 23,638 കോടി രൂപ കുടിശ്ശികയ്ക്കുമാണ് അംഗീകാരം നല്‍കിയത്. 2019 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന വര്‍ധനയ്ക്കാണ് അംഗീകാരം നല്‍കിയത്.
Post a Comment