മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം പുനർ പ്രതിഷ്ഠയും നവീകരണ കലശവും ഫെബ്രുവരി 3 മുതൽ 13 വരെ







ഇരിട്ടി: മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം പുനർ പ്രതിഷ്ഠയും നവീകരണ കലശവും ഫെബ്രുവരി മൂന്നിന് തുടങ്ങും. ക്ഷേത്രം തന്ത്രിമാരായ കോഴിക്കോട്ടിരി ശ്രീധരൻ നമ്പൂതിരിപ്പാടിന്റെയും നന്ത്യാർ വള്ളി ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും നേതൃത്വത്തിൽ നടക്കുന്ന താന്ത്രിക കർമ്മങ്ങൾ 13 വരെ നീണ്ട് നിൽക്കും. നവീകരണ കലശത്തോടൊപ്പം ലക്ഷം ദീപ സമർപ്പണവും ഉണ്ടാകുമെന്ന് ക്ഷേത്രം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി 3ന് വൈകിട്ട് അഞ്ചിന് പൂർണ്ണ കുംഭത്തോടെ തന്ത്രിമാരെ സ്വീകരിക്കും. തുടർന്ന് കലവറ നിറക്കൽ ഘോഷയാത്രയും നടക്കും. വൈകുന്നേരം 6 ന് നടക്കുന്ന സാംസ്കാരിക സദസ്സ് മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ. മുരളി ഉദ്ഘാടനം ചെയ്യും. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ബിന്ദു അധ്യക്ഷയാകും. തുടർന്ന് മിഴാവ് സമർപ്പണം, തിരുവാതിര എന്നിവ നടക്കും. നാലിന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന സാംസ്കാരിക സദസ്സ് മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നൃത്ത ദിശ, ഭരതനാട്യം എന്നിവയും ഉണ്ടാകും. അഞ്ചിന് രാവിലെ മഹാ പ്രായശ്ചിത്തഹോമം,വൈകുന്നേരം 6 ന് സാംസ്‌കാരിക സമ്മേളനം തിരുവാതിര , സംഗീതാർച്ചന, ആറിന് രാവിലെ വടക്കേ വലിയമ്പലത്തിൽ അത്ഭുതശാന്തി, ഹോമകലശാഭിഷേകം, വൈകുന്നേരം 6 ന് സാംസ്‌കാരിക സദസ്സ് , രാത്രി തിരുവാതിര എന്നിവ ഉണ്ടാകും.
ഏഴിന് രാവിലെ നവീകരണ കലശവും ഉപദേവത പ്രതിഷ്ഠയും നടക്കും. വൈകുന്നേരം 6 ന് നടക്കുന്ന സാംസ്‌കാരിക സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. 9ന് രാവിലെ 9 മണിക്ക് തിരുവാഭരണ ഘോഷയാത്ര കൂത്തുപറമ്പ് തൃക്കൈക്കുന്ന് ശിവക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കൂത്തുപറമ്പ്, ഉരുവച്ചാൽ, മട്ടന്നൂർ, ഇരട്ടി, കാക്കയങ്ങാട് വഴി വൈകിട്ട് ക്ഷേത്രത്തിൽ എത്തിച്ചേരും.
പത്തിന് രാവിലെ 9.30നും 10.30നും മദ്ദ്യേയുള്ള മുഹൂർത്തത്തിൽ മൃദംഗശൈലേശ്വരി ദേവി പ്രതിഷ്ഠയും ഉപദേവ പ്രതിഷ്ഠകളും നടക്കും. വൈകുന്നേരം ആറിന് സാംസ്കാരിക സദസ്സ് മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഏരിയ കമ്മിറ്റി ചെയർമാൻ ടി.കെ. സുധി ഉദ്ഘാടനം ചെയ്യും. തുടർന്ന് തിരുവാതിരയും നൃത്ത നിശയും ഉണ്ടാകും. 11ന് രാവിലെ വലിയക്കൽ പ്രതിഷ്ഠ. വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സദസ്സ് കെ.പി. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 13ന് രാവിലെ നടതുറക്കൽ, കണിദർശനം കലശാഭിഷേകങ്ങൾ എന്നിവയും വൈകിട്ട് അഞ്ചിന് വട്ടക്കുന്നില്ലം ഹരികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തിടമ്പ് നൃത്തവും നടക്കും. തുടർന്ന് നടക്കുന്ന സാംസ്കാരിക സദസ്സ് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ഭാരവാഹികളായ എക്സിക്യൂട്ടീവ് ഓഫീസർ എം. മനോഹരൻ ട്രസ്റ്റി ബോർഡ് ചെയർമാൻ എ. കെ. മനോഹരൻ, ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കെ. രാമചന്ദ്രൻ, കെ. രാജീവൻ നവീകരണ കമ്മറ്റി സെക്രട്ടറി എൻ. പങ്കജാക്ഷൻ മാസ്റ്റർ, സി.കെ. രവീന്ദ്രനാഥ്, ഇ. രാജേഷ്, എൻ. പി. പ്രമോദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

0/Post a Comment/Comments