സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പർ സീരീസ്; ബോര്‍ഡ് ദുരുപയോഗം തടയും




തിരുവനന്തപുരം: വാഹനങ്ങളില്‍ ബോര്‍ഡ് ഉപയോഗിക്കാവുന്ന ഔദ്യോഗിക സ്ഥാനങ്ങള്‍ പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍. 


മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പുറമേ ഔദ്യോഗിക ബോര്‍ഡ് രൂപീകരിക്കാനുള്ള അധികാരം സ്പെഷ്യല്‍ സെക്രട്ടറിക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് നിര്‍ദ്ദേശം. അര്‍ദ്ധസര്‍ക്കാര്‍, സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുതിയ നമ്ബര്‍ സീരീസ് ഏര്‍പ്പെടുത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക വാഹനങ്ങളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.


നിലവില്‍ സെക്രട്ടേറിയറ്റില്‍ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ളവര്‍ക്കും അതിനു മുകളിലുള്ളവര്‍ക്കും സ്വന്തം കാറില്‍ ബോര്‍ഡ് സ്ഥാപിക്കാം. ഇത് സ്പെഷ്യല്‍ സെക്രട്ടറി റാങ്കിന് മുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല, മറ്റെന്തൊക്കെ സ്ഥാനങ്ങള്‍ക്ക് ബോര്‍ഡ് നല്‍കാമെന്നത് സംബന്ധിച്ച്‌ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കും. നിയമം ലംഘിക്കുന്നവര്‍ വകുപ്പുതല നടപടി നേരിടേണ്ടിവരും.


ഇതിനുപുറമെ, വാഹനങ്ങള്‍ക്കായി ഒരു പ്രത്യേക സീരീസും അവതരിപ്പിക്കും. നിലവില്‍ കെ.എല്‍ 15 ആണ് കെ.എസ്.ആര്‍.ടി.സി ബസുകളുടെ നമ്ബര്‍. സര്‍ക്കാര്‍ വാഹനങ്ങളില്‍ കെഎല്‍-15 എഎ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കെഎല്‍-15 എബി, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോലുള്ള സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളില്‍ കെഎല്‍-15 എസി എന്നിവ ഉണ്ടാകും. ഇതിനായി മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തും. ഓരോ വകുപ്പിന്‍റെയും പേരില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതിനാല്‍ സംസ്ഥാനത്ത് എത്ര സര്‍ക്കാര്‍ വാഹനങ്ങളുണ്ടെന്ന കണക്കില്ല. ഇതോടെ വാഹനങ്ങളുടെ കൃത്യമായ എണ്ണവും പ്രാബല്യത്തില്‍ വരും.


0/Post a Comment/Comments