റിപ്പബ്ലിക് ദിന പരേഡിൽ ശിങ്കാരിമേളവുമായി കണ്ണൂരിലെ കുടുംബശ്രീ വനിതകൾ; കേരളം അവതരിപ്പിക്കുന്ന ടാബ്ലോയ്‌ക്കൊപ്പം മേളവും അവതരിപ്പിക്കും




കണ്ണൂർ: റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ പരമ്പരാഗത വാദ്യമായ ശിങ്കാരിമേളവുമായി കണ്ണൂരിലെ കുടുംബശ്രീ വനിതകൾ ഡൽഹിയിലെ കർത്തവ്യപഥിനെ ത്രസിപ്പിക്കാനൊരുങ്ങുന്നു. നാരീശക്തി പ്രമേയമാക്കി കേരളം അവതരിപ്പിക്കുന്ന ടാബ്ലോയിൽ കണ്ണൂർ ജില്ലയിലെ മാങ്ങാട്ടിടം, പാപ്പിനിശ്ശേരി പഞ്ചായത്തുകളിൽ നിന്നുള്ള വനിതകളാണ് ശിങ്കാരിമേളം അവതരിപ്പിക്കുന്നത്. ടാബ്ലോയുടെ ഗ്രൗണ്ട് എലമെന്റായിട്ടാണ് മേളം അവതരിപ്പിക്കുന്നത്.


കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സപ്തവർണ്ണ ശിങ്കാരിമേള സംഘത്തിലെ സിന്ധു ബാലകൃഷ്ണൻ, ജോഷിന അശോകൻ, രമിത രതീഷ്, ശൈലജ രാജൻ, ബാലജ പ്രമോദ്, രജനി സോമൻ, ലസിത വരദൻ, സജിത അരവിന്ദ്, വിജിന രാജീവൻ, വനജ ബാലൻ, ലീല ചന്ദ്രൻ, ഓമന പ്രദീപൻ എന്നിവർ രാജ്യതലസ്ഥാനത്തുള്ള രാഷ്ട്രീയ രംഗശാല ക്യാമ്പിൽ കഠിന പരിശീലനത്തിലാണ്.


കുടുംബശ്രീ അംഗങ്ങളാണ് എല്ലാവരും. തയ്യൽ മുതൽ തൊഴിലുറപ്പ് ജോലി വരെ ചെയ്യുന്നവരാണ് സംഘത്തിലുള്ളത്. വനിത സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി 2011ലാണ് ഇവർ ശിങ്കാരിമേളം പഠിക്കാനാരംഭിച്ചത്. തൊഴിൽ ഇല്ലാത്ത വാരാന്ത്യത്തിലും വിശ്രമവേളകളിലും പരിശീലനം നടത്തിയാണ് ഇവർ മേളം പഠിച്ചത്. ഇലത്താളം, വലന്തല, ഉരുട്ട് ചെണ്ട എന്നിവയാണ് ശിങ്കാരിമേളത്തിലെ വാദ്യോപകരണങ്ങൾ.കേരളത്തിലുടനീളവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ശിങ്കാരിമേളം അവതരിപ്പിച്ചിട്ടുണ്ടെങ്കിലും രാജ്യതലസ്ഥാനത്ത് ആദ്യമാണ്.


'നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും' കേന്ദ്ര പ്രമേയമാക്കി കേരളം ഒരുക്കുന്ന ടാബ്ലോയുടെ അവസാന ഘട്ട പ്രവർത്തനങ്ങൾ രാഷ്ട്രീയ രംഗശാലയിൽ പുരോഗമിക്കുന്നു. സാധാരണക്കാരായ പ്രാദേശിക വനിതകളുടെ കൂട്ടായ്മയും പ്രവർത്തനങ്ങളും സമൂഹവികസനത്തിനും രാജ്യപുരോഗതിക്കും എങ്ങനെ നേട്ടമാകുന്നു എന്നതാണ് കേരളം ടാബ്ലോയിൽ പ്രദർശിപ്പിക്കുന്നത്.


'96-ാം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ച് 2020 ലെ നാരീശക്തി പുരസ്‌കാര ജേതാവായ കാർത്ത്യായനി അമ്മയെ ട്രാക്ടർ ഭാഗത്തും മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയപുരസ്‌ക്കാരം നേടിയ ആദ്യ ആദിവാസി വനിതയായ നഞ്ചിയമ്മയെ ട്രെയ്ലർ ഭാഗത്തും അവതരിപ്പിച്ചാണ് ടാബ്ലോയിൽ സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യം പ്രതീകവത്ക്കരിക്കുന്നത്.


0/Post a Comment/Comments