വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി; അഡ്മിന്റെ നാക്കു മുറിച്ചെടുത്തു അഞ്ചംഗസംഘം




വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തതിലുള്ള അമർഷം അഡ്മിന്റെ നാവ് മുറിച്ചെടുക്കുന്നതി​ലേക്ക് നയിച്ചു. മുറിഞ്ഞ നാവ് തുന്നിചേര്‍ത്തെങ്കിലും പരുക്ക് ഗുരുതരമാണ്. മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത് ഫുര്‍സുംഗിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണ​െമന്നാവശ്യപ്പെട്ട് യുവാവിന്‍റെ ഭാര്യ ഹദാപ്സര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിസംബർ 28 ന് രാത്രി 10 മണിയോടെ പൂനെയിലെ ഫുർസുങ്കി ഏരിയയിലാണ് സംഭവം.


ഓം ഹൈറ്റ്സ് ഓപ്പറേഷന്‍ എന്ന പേരില്‍ സ്ഥലത്തെ ഹൗസിംഗ് സൊസൈറ്റിയിലെ അംഗങ്ങള്‍ക്കായി രൂപവൽകരിച്ച വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പ്രതികളില്‍ ഒരാളെ നീക്കം ചെയ്തതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. തന്നെ ഒഴിവാക്കിയതിന്‍റെ കാരണം തിരക്കി പ്രതി അഡ്മിന് മെസേജ് അയച്ചു. ഇതിൽ പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ച് അഡ്മിനെ നേരില്‍ കാണണമെന്ന് യുവാവ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്, അഡ്മിനും ഭാര്യയും ഓഫീസിലിരിക്കെ പ്രതികള്‍ സ്ഥലത്തെത്തി ബഹളം വെച്ചു.


ഗ്രൂപ്പില്‍ തെറ്റായ മെസേജ് അയച്ചതിനെ തുടര്‍ന്ന് ആളുകളെ ഒഴിവാക്കി ഗ്രൂപ്പ് ക്ലോസ് ചെയ്തെന്ന് അഡ്മിന്‍ മറുപടി നല്‍കി. തുടര്‍ന്ന്, പ്രകോപിതരായ അഞ്ച് യുവാക്കള്‍ ചേര്‍ന്ന് അഡ്മിനെ ക്രൂരമായി മര്‍ദ്ദിച്ച്, നാവ് മുറിച്ചെടുക്കുകയുമായിരുന്നു. ആക്രമണത്തില്‍ യുവാവിന്‍റെ മുഖത്തും ഗുരുതരമായി പരിക്കേറ്റിരിക്കയാണ്. ഇത്തരമൊരു പരാതി ആദ്യമായാണ് ലഭിക്കുന്നതെന്നും പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. 


0/Post a Comment/Comments