ഭൂമിക്ക് വിള്ളൽ വീണ പ്രദേശത്തെ കുടുംബങ്ങൾക്ക് വീട് വെക്കാൻ പത്തുലക്ഷം സർക്കാർ ധനസഹായം




ശാന്തിഗിരി: ശാന്തിഗിരി കൈലാസം പടിയിൽ ഭൂമിക്ക് വിള്ളൽ വീണ പ്രദേശത്തെ 7 കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീടു വെക്കുന്നതിന് 10 ലക്ഷം രൂപ വീതം അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. 2003 ലാണ് പ്രദേശത്ത് ഭൂമിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. പിന്നീട് 2018 ലെ പ്രളയത്തോടെ പ്രശ്നം രൂക്ഷമായി ചില വീടുകൾ പൂർണമായി തകർന്നു.പ്രളയത്തിന് ശേഷം 3 കുടുംബങ്ങൾക്ക് 10 ലക്ഷം വീതം നൽകി അവരെ മാറ്റി താമസിപ്പിച്ചു. പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയിൽ സോയിൽ പൈപ്പിങ് പ്രതിഭാസമാണ് ഇതിന് കാരണമെന്ന് കണ്ടെത്തി. തുടർന്ന് മഴക്കാലങ്ങളിൽ ഈ പ്രദേശത്തെ ജനങ്ങളെ ശാന്തിഗിരി സ്കൂളിലേക്ക് മാറ്റി താമസിപ്പിക്കുകയാണ് ചെയ്തു വരുന്നത്.

ഇതിന് ശാശ്വത പരിഹാരം കാണുന്നതിനായി പഞ്ചായത്ത്‌ ഭരണസമിതി തുടർച്ചയായി ഇടപെടുകയുണ്ടായി. അടിയന്തിരമായി 15 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കണം എന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി രണ്ടു തവണ വിദഗ്ധർ ഇവിടം സന്ദർശിച്ച് റിപ്പോർട്ട് നൽകി. തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് ഇടപെടുകയും പഞ്ചായത്ത്‌, റവന്യു, ദുരന്തനിവാരണ രംഗത്തെ വിദഗ്ധർ, പാലക്കാട് ഐ ഐ ടി തുടങ്ങിയവരുടെ യോഗം വിളിച്ച് വിഷയം വിശദമായി ചർച്ച ചെയ്തു.ഇതിന്റെ തുടർച്ചയായാണ് അടിയന്തിരമായി മാറ്റി താമസിപ്പിക്കേണ്ട 7 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം അനുവദിച്ചു കൊണ്ടും മറ്റ് കുടുംബങ്ങളുടെ കാര്യം വിശദമായ പരിശോധനക്ക് ശേഷം പരിഗണിക്കാം എന്നും അറിയിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. വിശദ പഠനത്തിനായി പാലക്കാട് ഐ ഐ ടി യെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

0/Post a Comment/Comments