വിദേശത്തെന്ന് തെറ്റിദ്ധരിപ്പിച്ചു; ഭാര്യയെ കൊന്നു കുഴിച്ചിട്ടയാൾ ഒന്നര വർഷത്തിനുശേഷം പിടിയിൽ

 ഒന്നര വർഷം മുൻപു കാണാനില്ലെന്നു പരാതി നൽകിയ ഭാര്യയെ താൻ കൊന്നു കുഴിച്ചു മൂടിയതാണെന്നു ഭർത്താവിന്റെ കുറ്റസമ്മതം. എറണാകുളം എടവനക്കാടാണ് സിനിമാക്കഥകളെ വെല്ലുന്ന കൊലപാതകം. വാചാക്കൽ സജീവന്റെ ഭാര്യ രമ്യയെയാണ് (32) ഭർത്താവു തന്നെ കൊന്നു വീടിനു സമീപം കുഴിച്ചു മൂടിയത്. വീടിന്റെ കാർപോർച്ചിനോടു ചേർന്നുള്ള സ്ഥലത്തു മണ്ണു കുഴിച്ചു നടത്തിയ പരിശോധനയിൽ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി.


ഇയാൾ തന്നെ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭാര്യ വിദേശത്തേയ്ക്കു പോയെന്നും പിന്നീട് വിവരമൊന്നുമില്ലെന്നും സജീവൻ പരാതി നൽകിയിരുന്നു. എന്നാൽ, ‌മൊഴികളിലെ വൈരുധ്യം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കേസന്വേഷണത്തിൽ കാര്യമായ താൽപര്യം കാണിക്കാതിരുന്നതും പൊലീസ് ശ്രദ്ധിച്ചു. തുടർന്നു കസ്റ്റഡിയിലെടുത്തു നടത്തിയ ചോദ്യം ചെയ്യലിലാണ് താൻ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നു സമ്മതിച്ചത്

ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഞാറയ്ക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് അസ്ഥിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൊലപാതകം എന്നു നടന്നു എന്നതു സംബന്ധിച്ചു പൊലീസിനു വ്യക്തത ലഭിച്ചിട്ടില്ല. അതേസമയം, കൊലപാതകം സംബന്ധിച്ചു നാട്ടുകാർക്കു പോലും കാര്യമായ സംശയം ഉണ്ടായിരുന്നില്ല എന്നാണ് അയൽവാസികൾ പറയുന്നത്. ഭാര്യയെ കാണാനില്ലാത്തതു പോലെ തന്നെയായിരുന്നു ഇയാളുടെ പെരുമാറ്റമെന്നും പറയുന്നു.

0/Post a Comment/Comments