തലശ്ശേരി നഗരസഭ വികസന സെമിനാർ
തലശ്ശേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാർ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികൾ തരണം ചെയ്യാനുള്ള വഴികൾ കൂടി മുൻകൂട്ടി കണ്ടുവേണം ഓരോ പദ്ധതിയും രൂപീകരിക്കാനെന്ന് കലക്ടർ പറഞ്ഞു.


നഗരസഭയുടെ സമഗ്ര വികസനത്തിനായി വിവിധ മേഖലകളിലെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടാണ് സെമിനാർ നടത്തിയത്. വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ 23.64 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. 


മുൻസിപ്പൽ ടൗൺ ഹാളിനോട് ചേർന്ന് ഷീ ലോഡ്ജ്, വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവർക്കായി വർക്ക് ഫ്രം നിയർ ഹോം പദ്ധതി, വനിതകൾക്ക് ഫിറ്റ്നസ് സെന്റർ, മത്സ്യ സംസ്‌കരണ യൂണിറ്റ്, നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ ക്ലോത്ത് ബാഗ് വെൻഡിങ് മെഷീൻ സ്ഥാപിക്കൽ, ലേബർ ബാങ്ക് രൂപീകരണം, ജൻഡർ റിസോഴ്സ് സെന്റർ, കുടുംബശ്രീ സ്ഥിരം വിപണന കേന്ദ്രം, എസ് സി കുടുംബങ്ങൾക്ക് ഫ്ളാറ്റ്, നഗരപരിധിയിലെ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബ് സൗകര്യം ഉപയോഗിച്ച് കുടിവെള്ള പരിശോധന നടത്തൽ, പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറി കൃഷി നശിക്കാതിരിക്കാൻ ചള്ളക്കര, മറുകണ്ടി, മൂഴിക്കര, കുണ്ടുചിറ എന്നിവിടങ്ങളിൽ വി സി ബി സ്ഥാപിക്കൽ, ലഹരി മാലിന്യ പ്രശ്നങ്ങൾ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം, മുഴുവൻ സ്‌കൂളുകളിലും സോളാർ സംവിധാനം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.


മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ കെ എം ജമുനാറാണി അധ്യക്ഷത വഹിച്ചു. പ്ലാനിംഗ് ബോർഡ് ഉപാധ്യക്ഷൻ പി വി വിജയൻ മാസ്റ്റർ വിഷയം അവതരിപ്പിച്ചു. നഗരസഭ ഉപാധ്യക്ഷൻ വാഴയിൽ ശശി, അംഗങ്ങളായ ടി സി അബ്ദുൽ ഖിലാബ്, സി സോമൻ, എൻ മോഹനൻ, അഡ്വ. കെ എം ശ്രീശൻ, വി ബി ഷംസുദ്ദീൻ, ടി വി റാഷിദ ടീച്ചർ, ഇ ആശ, എം വി ജയരാജൻ, ടി കെ സാഹിറ, നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ് എന്നിവർ സംസാരിച്ചു

0/Post a Comment/Comments