കേളകം: കേളകം ശ്രീ മൂര്ച്ചിലക്കാട്ട് മഹാദേവീ ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവവും പ്രതിഷ്ഠാ വാര്ഷികവും ഫെബ്രവരി 22 മുതല് 28 വരെ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള് വാര്ത്താസമ്മേളനത്തില് അറിയിച്ചു. ബുധനാഴ്ച്ച രാവിലെ കൊടിയേറ്റോടുകൂടി ഉത്സവത്തിന് തുടക്കമാവും. വൈകുന്നേരം അഞ്ചിന് കലവറനിറയ്ക്കല് ഘോഷയാത്ര നടക്കും. 23-ന് നിത്യ ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമെ വാർഷിക നാഗപൂജ, പുള്ളുവൻപാട്ട്, വൈകിട്ട് ഏഴ് മണിക്ക് എസ്.എൻ. വനിതാ സമ്മേളനം, രാത്രി 9 ന് ഡാൻസ് പ്രോഗ്രാം, 24-ന് രാത്രി സൂപ്പർ ഹിറ്റ് ഗാനമേള, 25-ന് വൈകിട്ട് എട്ടിന് ആയിരങ്ങൾ അണിനിരക്കുന്ന താലപ്പൊലി കുംഭകുട ഘോഷയാത്ര എന്നിവ നടക്കും. 26-ന് വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം എസ്എന്ഡിപി യോഗം ഇരിട്ടി യൂണിയന് പ്രസിഡണ്ട് കെ. വി. അജി ഉദ്ഘാടനം ചെയ്യും. അഡീഷനൽ ഡിസ്ട്രിക് ആൻറ് സെഷൻസ് ജഡ്ജ് കെ.സോമൻ മുഖ്യ അതിഥിയാകും. ചടങ്ങിൽ ക്ഷണിക്കപ്പെട്ട വിമുക്ത ഭടൻമാരെ ആദരിക്കും. 27-ന് പള്ളിവേട്ട, 28-ന് നടക്കുന്ന വലിയ ഗുരുതിയോടുകൂടി ക്ഷേത്രോത്സവം സമാപിക്കും. വാര്ത്താ സമ്മേളനത്തില് എസ്എന്ഡിപി യോഗം ഇരിട്ടി യൂണിയന് പ്രസിഡണ്ട് കെ. വി. അജി, ആഘോഷ കമ്മറ്റി ഭാരവാഹികളായ എം.ഡി. സുരേന്ദ്രൻ, വി.വി. സജീവ്, വി.എം. ഷാജു എന്നിവര് പങ്കെടുത്തു.
Post a Comment