അവശര്‍ക്ക്‌ റേഷന്‍ വീട്ടിലെത്തും, 'ഒപ്പം' ഓട്ടോക്കാരും




റേഷന്‍ കടകളില്‍ നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങാനാവാത്ത അവശ ജനവിഭാഗങ്ങള്‍ക്ക് റേഷന്‍ ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിക്കാന്‍ 'ഒപ്പം' പദ്ധതി.


നാട്ടിടങ്ങളിലെ ഓട്ടോ ഡ്രൈവര്‍മാരുടെ കൂട്ടായ്മയോടെ സംസ്ഥാന ഭക്ഷ്യ–- പൊതുവിതരണ വകുപ്പാണ് ഒപ്പം റേഷന്‍ വിതരണം കൈത്താങ്ങുമായി ഓട്ടോത്തൊഴിലാളികളും എന്ന നൂതന പദ്ധതിക്ക് രൂപം നല്‍കിയത്. അര്‍ഹമായ റേഷന്‍ ഉറപ്പ് വരുത്തുന്ന ‘ ഒപ്പം’ പദ്ധതി സംസ്ഥാനത്ത് ആദ്യമായി തൃശൂര്‍ ജില്ലയില്‍ നടത്തറ പഞ്ചായത്തിലാണ് തുടക്കമിടുന്നത്. 


തൃശൂര്‍ ജില്ലയില്‍ 5000ല്‍പ്പരംപേര്‍ അതിദരിദ്രരുടെ ലിസ്റ്റിലുണ്ട്. ഇതില്‍ റേഷന്‍ കടകളില്‍ നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത ഇരുന്നൂറോളം അവശ കുടുംബങ്ങളുണ്ട്. പ്രോക്സി സംവിധാനം (പകരക്കാരെ ചുമതലപ്പെടുത്തല്‍) പ്രയോജനപ്പെടുത്തി ഇവര്‍ക്കുള്ള റേഷന്‍ അനുവദിക്കും. വാടകയെടുത്ത് ഓട്ടം കഴിഞ്ഞ് തിരിച്ചുപോവുമ്ബോള്‍ വാടകയില്ലാതെ റേഷന്‍ സാധനങ്ങള്‍ പാവങ്ങള്‍ക്ക് എത്തിക്കും. മാസത്തില്‍ ഒരിക്കല്‍ മാത്രമായതിനാല്‍ നിരവധി ഓട്ടോ ഡ്രൈവര്‍മാര്‍ സന്നദ്ധരായിട്ടുണ്ട്. 


സഹായം ആവശ്യമായ റേഷന്‍ ഉപഭോക്താക്കളുടെ ലിസ്റ്റ് സിവില്‍ സപ്ലൈസ് അധികൃതര്‍ തയ്യാറാക്കി. അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്ന സംസ്ഥാന സര്‍ക്കാരിന്റെ വ്യക്തമായ കാഴ്ചപ്പാട് ഉള്‍ക്കൊണ്ടാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച പകല്‍ 2.30ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ നിര്‍വഹിക്കും. റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷനാവും. ആദിവാസി ഊരുകളില്‍ റേഷനെത്തിക്കുന്ന പദ്ധതിയും തൃശൂര്‍ ജില്ലയിലാണ് തുടങ്ങിയതെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ പി ആര്‍ ജയചന്ദ്രന്‍ അറിയിച്ചു. പീച്ചി, അതിരപ്പിള്ളി, വരന്തരപ്പിള്ളി എന്നിവിടങ്ങളിലെ ഊരുകളില്‍ കൃത്യമായ റേഷന്‍ സാധനങ്ങള്‍ നേരിട്ടെത്തിക്കുകയാണ്.


0/Post a Comment/Comments