ഇരിട്ടി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ആറളം ഫാമിന്റെ പ്രവർത്തനം ഓരോ ദിവസം ചെല്ലുന്തോറും താളം തേടുകയാണ്. ഏറെ കൊട്ടിഘോഷിച്ച് ആറളം ഫാമിംങ്ങ് കോർപ്പറേഷൻ ഇരിട്ടിയിൽ തുടങ്ങിയ തണൽ ഔട്ട്‌ലെറ്റ് മൂന്ന് വർഷം പൂർത്തിയാകുന്നതിന് മുൻമ്പ് പൂട്ടി. സാമ്പത്തിക പ്രതിസന്ധി മൂർച്ഛിച്ചത് കാരണം ഔട്ട്‌ലെറ്റ് നടത്തിക്കൊണ്ടുപോകാൻ പറ്റാത സാഹചര്യമായതോടെയാണ് പൂട്ടിയത്.
ആറളം ഫാമിലെ നടീൽ വസ്തുക്കൾ ഉൾപ്പെടെ ഫാമിൽ ഉത്പ്പാദിപ്പിക്കുന്നതും മൂല്യവർധക ഉത്പ്പന്നങ്ങളും ഒരു കുടക്കീഴിൽ വില്പ്പന നടത്തുന്നതിന്റെ ഭാഗമായാണ് തണൽ എന്നപേരിൽ ഇരിട്ടി പയഞ്ചേരി മുക്കിൽ ഔട്ട്‌ലെറ്റ് തുടങ്ങിയത്. കൊവിഡിന്റെ തുടക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. ഫാമിന്റെ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം ആവശ്യക്കാർക്ക് ഫാം ഉത്പ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയുമായിരുന്നു ലക്ഷ്യം. ഉദ്ഘാടന സമയത്തും തുടർന്നും ഒരു ലക്ഷം രൂപ വരെ വിപണനവും നടന്നിരുന്നു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം രണ്ട മുറി വാടകയ്ക്ക് എടുത്ത് തുടങ്ങിയ ഔട്ട്‌ലെറ്റിലേക്ക് എത്തുന്ന ആവശ്യക്കാരുടെ എണ്ണം കുറയുകയും സാമ്പത്തിക പ്രതിസന്ധികാരണം പുതിയ ഉത്പ്പന്നങ്ങൾ ഉണ്ടാക്കാൻ കഴിയാഞ്ഞതുമാണ് പ്രതിസന്ധിക്കിടയാക്കിയത്.
തുടക്കത്തിൽ നാലു ജീവനക്കാരുമായി തുടങ്ങിയ സ്ഥാപനത്തിൽ ക്രമേണ ജീവനക്കാരുടെ എണ്ണം ഒന്നായി മാറി. പിന്നെ കുറെകാലം പൂട്ടിയിടുന്ന അവസ്ഥയും ഉണ്ടായി. കെട്ടിടത്തിന് വാടക നല്കുന്നത് പോലും പ്രതിസന്ധിയിലായതോടെ ഔട്ട്‌ലെറ്റ് പൂർണ്ണമായും പൂട്ടി കഴിഞ്ഞദിവസം അവശേഷിക്കുന്ന സാധനങ്ങൾ ഫാമിലേക്ക് മാറ്റി.
സർക്കാറിൽ നിന്നുള്ള സഹായം നിലച്ചതോടെ ഫാമിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും നാലുമാസമായി ശബളവും വേതനവും നൽകുന്നില്ല. 2022 ഒക്ടോബർ മാസത്തെ ശബളമാണ് അവസാനമായി അനുവദിച്ചത്. ശബള കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകളും ജീവനക്കാരും കഴിഞ്ഞ ദിവസം ഫാം ഓഫീസ് ഉപരോധ സമരം നടത്തിയിരുന്നു. അനിശ്ചിത കാല സമരത്തിനും തൊഴിലാളികൾ തയ്യാറെടുക്കുകയാണ്. ഫാമിലെ സ്ഥിരം തൊഴിലാളികളിലും താല്ക്കാലിക തൊഴിലാളികളിലും 70 ശതമാനത്തോളം പേർ പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവരും ആദിവാസി പുനരധിവാസ മേഖലയിലും ഉള്ളവരാണ്.
നിലവിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന ഔട്ട്‌ലെററ് വികസിപ്പിക്കുന്നതിനും തലശേരിയിൽ വർഷങ്ങൾക്ക് മുൻമ്പ് ഉണ്ടായിരുന്ന ഔട്ട്‌ലെറ്റ് പുനസ്ഥാപിക്കാനുമുള്ള നടപടിയുടെ ഭാഗമായാണ് ഇരിട്ടിയിലെ ഔട്ട്‌ലെറ്റ് പൂട്ടിയതെന്നാണ് ഫാം അധികൃതർ പറയുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം വേതന വിതരണം മുടങ്ങിയതിനൊപ്പം പിരിഞ്ഞു പോയ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും തൊഴിലാളികളുടെ പി എഫ് വിഹിതവുമൊന്നും നല്കാനായിട്ടില്ല. കാട്ടാന ഭീഷണി മൂലം കശുവണ്ടിതോട്ടത്തിലെ കാട് വെട്ടും മൂന്നിലൊന്ന് പോലും പൂർത്തിയാക്കാൻ ഇതുവരെ ആയിട്ടില്ല.
Post a Comment