കേബിൾ കഴുത്തിൽ കുരുങ്ങി; ഭർത്താവിനൊപ്പം യാത്രചെയ്യവേ സ്കൂട്ടറിൽനിന്നു വീണ് വീട്ടമ്മ മരിച്ചു




കായംകുളം: ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്രചെയ്യവേ റോഡിനുകുറുകെ താഴ്ന്നുകിടന്ന ടി.വി. കേബിൾ കഴുത്തിൽത്തട്ടി റോഡിലേക്കുവീണ വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽത്തറയിൽ വിജയന്റെ ഭാര്യ ഉഷയാ(56)ണു മരിച്ചത്. ഇടശ്ശേരി ജങ്ഷനു കിഴക്കുവശം തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. എരുവ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ പത്തിയൂരിലുള്ള മരുമകളുടെ വീട്ടിലെത്തിയ ഉഷയും ഭർത്താവ് വിജയനും തിരിച്ചു സ്വന്തംവീട്ടിലേക്കു പോകുംവഴിയാണ് അപകടം. വിജയൻ ഓടിച്ച സ്കൂട്ടറിനു പിന്നിലിരുന്നാണ് ഉഷ യാത്രചെയ്തത്.


കേബിൾ കണ്ട് വിജയൻ തലവെട്ടിച്ചു മാറ്റിയെങ്കിലും ഉഷയുടെ കഴുത്തിൽ തട്ടിയതിനെത്തുടർന്ന് റോഡിലേക്കു വീഴുകയായിരുന്നെന്നു പ്രദേശവാസികൾ പറഞ്ഞു. നാട്ടുകാർ ഉഷയെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ.

0/Post a Comment/Comments