ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലം പരിധിയിൽ നേരത്തെ കരാർ നൽകിയ 10 പൊതുമരാമത്ത് റോഡുകൾക്ക് മഴക്കാലപൂർവ്വ അറ്റകുറ്റപ്പണികൾക്കുള്ള പണമില്ല. ഇതോടെ ഇപ്പോൾതന്നെ തകർന്നിരിക്കുന്ന റോഡുകളിലൂടെയുള്ള യാത്ര പ്രതിസന്ധിയിലാകും. കരിക്കോട്ടക്കരി - എടപ്പുഴ, കരിക്കോട്ടക്കരി - ഉരുപ്പുംകുറ്റി, കേളൻ പീടിക- മട്ടിണി, കീഴ്പ്പള്ളി - പുതിയങ്ങാടി, അടക്കാത്തോട് - ശാന്തിഗിരി തുടങ്ങിയ 10 റോഡുകളുടെ അറ്റകുറ്റപ്പണിയാണ് മുടങ്ങിയത്. 25 റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 3 കോടി രൂപ അനുവദിച്ച് ടെൻഡർ ഉറപ്പിച്ചിരുന്നു. എന്നാൽ 15 റോഡുകൾ ചെയ്തപ്പോൾ ഫണ്ട് തീർന്നതിനാൽ ഈ സാമ്പത്തിക വർഷം നിർമ്മാണം നടത്താൻ സാധിക്കില്ലെന്ന് ബന്ധപ്പെട്ട മരാമത്ത് ഉദ്യോഗസ്ഥൻ ഇന്നലെ സണ്ണി ജോസഫ് എംഎൽഎ വിളിച്ച മരാമത്ത് അവലോകന യോഗത്തിൽ അറിയിച്ചു. ഗതാഗത പ്രതിസന്ധിയുടെ ആശങ്ക അറിയിച്ച എംഎൽഎ പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഫണ്ട് ലഭ്യമാക്കി റോഡുകൾ ഗതാഗതയോഗ്യമാക്കാനുള്ള ശ്രമം നടത്താൻ നിർദ്ദേശിച്ചു. അയ്യൻകുന്നിലെ റീ ബിൽഡ് കേരള റോഡിലെ പ്രവർത്തികൾ ഓഗസ്റ്റിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്. കേളൻപീടിക - മട്ടണി റോഡിന് 6 കോടി രൂപയുടെയും ഇരിട്ടി - നെടുമ്പൊയിൽ റോഡിന് 20 കോടി രൂപയുടെയും നവീകരണം നടത്തുന്നതിനുള്ള ശുപാർശ സമർപ്പിച്ചിട്ടുണ്ട്. റോഡിൻറെ ടെൻഡർ നടപടികൾ പൂർത്തിയായതായും സിവിൽ സ്റ്റേഷന്റെ പൈലിങ് നടക്കുന്നതായും, ആറളം പെരിങ്കരി സ്കൂളുകളുടെ കെട്ടിട നിർമ്മാണം പൂർത്തിയായതായും ഉദ്യോഗസ്ഥർ അറിയിച്ചു. പായംആയുർവേദ ഡിസ്പെൻസറിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. മരാമത്ത് കെട്ടിട നിർമ്മാണ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി തയ്യിൽ, റോഡ്സ് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഷീല ചോറൻ, കെഎസ്ഇബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ കെ. ആശിഷ് കുമാർ, അസിസ്റ്റൻറ് എൻജിനീയർമാരായ റസ്നൽഅലി, ടി. കെ. റോജി, കെ .എം. ഹരീന്ദ്രൻ, പി. സനില എന്നിവർ പങ്കെടുത്തു.
Post a Comment