ജനകീയ പ്രതിരോധ ജാഥക്ക്‌ ഇന്ന് സമാപനം


സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ശനിയാഴ്ച തലസ്ഥാനത്ത് സമാപിക്കും. വൈകിട്ട് 5ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമാപനസമ്മേളനത്തില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കും. ഇതുവരെ 15 ലക്ഷം പേരുടെ പങ്കാളിത്തമാണ് ജാഥയിലുണ്ടായതെന്ന് സിപിഐഎം നേതൃത്വം വ്യക്തമാക്കി.


സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ജാഥാക്യാപ്റ്റന്‍ എംവി ഗോവിന്ദന്‍ മാസ്റ്റര്‍, ജാഥാ മാനേജര്‍ പി കെ ബിജു, ജാഥാ അംഗങ്ങളായ സി എസ് സുജാത, എം സ്വരാജ്, കെ ടി ജലീല്‍, ജെയ്ക് സി തോമസ്, മന്ത്രിമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.


‘കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഫെബ്രുവരി 20ന് കുമ്പളയില്‍ നിന്നാണ് ജാഥ ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ജാഥ 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ ആവേശോജ്ജ്വലമായ സ്വീകരണം ഏറ്റുവാങ്ങിയാണ് പുത്തരികണ്ടത്ത് സമാപിക്കുന്നത്. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും ജാഥ കടന്നുപോയിരുന്നു.

0/Post a Comment/Comments